Skip to main content

രോഗമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുക എന്നതാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ഒരു നിരാമയ (രോഗമില്ലാത്ത) സമൂഹത്തെ സൃഷ്ടിക്കുക എന്നതാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയൊന്നാമതു ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ബിരുദദാന ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലുന്നുണ്ട്, അതിനു മറ്റു വിശദീകരണം ഒന്നും തന്നെ ആവശ്യമില്ല. ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം രോഗങ്ങള്‍ എങ്ങനെ ബാധിക്കാതിരിക്കണം എന്നതായിരിക്കണം. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഭിഷഗ്വര - രോഗി അനുപാതം തൃപ്തികരമല്ല. എന്നിരുന്നാലും നല്ല ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതുതന്നെയാകണം ആരോഗ്യ സംരക്ഷകരുടെ പഠനോദ്ദേശ്യമെന്നും അതിനായി നമുക്ക് ആധുനിക വൈദ്യശാസ്ത്രത്തെയും പാരമ്പര്യ ചികിത്സാരീതികളെയും അവലംബിക്കാവുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍  വൈദ്യശാസ്ത്രജ്ഞരെ അത്യുന്നത വ്യക്തിത്വങ്ങളായി കണക്കാക്കുന്നു. നമ്മുടെ സേവനം രാജ്യത്തിലെ ഗ്രാമങ്ങളില്‍ വരെ എത്തിച്ചേരേണ്ടതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാല ബിരുദദാനച്ചടങ്ങില്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കോളേജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 17,062 പേര്‍ക്കുള്ള ബിരുദ പ്രഖ്യാപനം നടന്നു. അവരില്‍ ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി നേടിയ 2,099 (പി.ജി: 2,093, പി.എച്ച്.ഡി: 6) പേര്‍ക്ക് ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ച് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വേദിയില്‍ വിവിധ വിഷയങ്ങളില്‍ ഒന്നാം റാങ്ക് നേടിയ 12 വിദ്യാര്‍ഥികളെ മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. രണ്ടാംവര്‍ഷ എം.ബി.ബി.എസ് മൈക്രോബയോളജി റെഗുലര്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ അരുണ്‍ ജയ് വാര്യരെ ഡോ. സി.കെ ജയറാം പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ചടങ്ങിന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ സി.പി. വിജയന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എം.എസ് സുധീര്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, സെനറ്റ് അംഗങ്ങള്‍, കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, ജി.സി, എ.സി അംഗങ്ങള്‍, സര്‍വകലാശാല ജീവനക്കാര്‍ തുടങ്ങിയവരും അറുന്നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

date