വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായി ഉദയംപേരൂർ പഞ്ചായത്ത് വികസന സദസ്സ്
വികസന നേട്ടങ്ങളും ഭാവി പദ്ധതികളും ജനങ്ങളുമായി നേരിട്ട് പങ്കുവെച്ച് ഉദയംപേരൂർ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സദസ്സ് പ്രസിഡൻ്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ വികസന വഴിയിൽ പുതുചരിത്രം സൃഷ്ടിച്ച് കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തുടർ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സദസ്സിൽ ചർച്ച ചെയ്തു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിനായി ഫിഷറീസ് ആശുപത്രിയിൽ ഡോമിസിയിൽ കെയർ സെൻ്റെർ ആരംഭിച്ച് കിടത്തി ചികിത്സ ഉറപ്പാക്കി. കമ്മ്യൂണിറ്റി കിച്ചണിലൂടെ 25000 പേർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിനും സാധിച്ചു.
സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലൂടെ 306 വീടുകൾക്ക് കരാർ എടുക്കുകയും 226 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തത് പഞ്ചായത്തിന്റെ അഭിമാന നേട്ടമാണ്. പഞ്ചായത്തിൻ്റെ വർഷങ്ങളായുള്ള സ്വന്തമായി പൊതുശ്മശാനം വേണമെന്ന ആവശ്യം പൂർത്തീകരിച്ചു. ഇവിടെ അതിദരിദ്രർക്ക് സൗജന്യമായും പട്ടികജാതി വിഭാഗത്തിന് 50 ശതമാനം ഇളവിലും സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള അവസരം ഒരുക്കുന്നു.
മാലിന്യ സംസ്കരണം, കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, അങ്കണവാടികളിൽ പോഷകാഹാരപദ്ധതികൾ, ഭിന്നശേഷി വയോജന പദ്ധതികൾ തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ചു വർഷക്കാലത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ ക്ഷേമവികസന പദ്ധതികൾ സദസ്സിൽ ചർച്ച ചെയ്തു.
വികസന വീഡിയോയുടെ പ്രദര്‍ശനം, ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ ചിത്രപ്രദര്‍ശനം, എന്നിവ വികസന സദസ്സിന്റെ ഭാഗമായി നടത്തി. കുടുംബശ്രീ, ഹരിതകര്‍മ്മസേന അംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് എ ഗോപി അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി എസ് ഷാജി വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വികസനരേഖ പ്രകാശനം ചിത്രകാരനായ ബിനുരാജ് കലാപീഠം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുധാ നാരായണൻ, ടി കെ ജയചന്ദ്രൻ, മിനി പ്രസാദ്, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments