Skip to main content

'വിഷന്‍ 2031': വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോ. 16ന് തിരൂരില്‍

കേരള സംസ്ഥാന രൂപീകരണത്തിന് 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2031നെ മുന്നില്‍ കണ്ട് സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളര്‍ച്ചയും ഭാവി വികസന ലക്ഷ്യങ്ങളും വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച 'വിഷന്‍ 2031' പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 9.30 മുതല്‍ തിരൂരിലെ ബിയാന്‍കോ കാസില്‍ ഹാളില്‍ ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാര്‍, വിവിധ ജനപ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരത്തോളം പങ്കെടുക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി 2017ല്‍ രൂപീകരിച്ച വനിതാ ശിശു വികസന വകുപ്പ് കഴിഞ്ഞ നാളിതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുകയും, 2031നകം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, ശാക്തീകരണ പദ്ധതികള്‍, ശിശു വികസന സംരക്ഷണ രംഗത്തെ നൂതന സമീപനങ്ങള്‍ എന്നിവയും സെമിനാറില്‍ ചര്‍ച്ച ചെയ്യും. വകുപ്പിന്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങളെ കുറിച്ച് വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സംസാരിക്കും. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ''വിഷന്‍ 2031'' അവതരണം നടത്തും.

സെമിനാറില്‍ നാല് സമാന്തര സെഷനുകളും നടക്കും. 'വനിതാ ശാക്തീകരണം - തൊഴില്‍ പ്രാതിനിധ്യം' എന്ന വിഷയത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ മോഡറേറ്റര്‍ ആകും. 'സ്ത്രീ സൗഹൃദ കേരളം' എന്ന സെഷന്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. സതി ദേവി നയിക്കും. 'ബാലസുരക്ഷിത കേരളം' സെഷന്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍  നടക്കും. 'ശിശു വികസനം: കേരള മാതൃക 2031' സെഷന്‍ മുന്‍ പ്ലാനിങ്് ബോര്‍ഡംഗം മൃദുല്‍ ഈപ്പന്‍ മോഡറേറ്റ് ചെയ്യും.

ചര്‍ച്ചാവിഷയങ്ങളില്‍ വനിതാ ശാക്തീകരണം, സ്ത്രീകളുടെ തൊഴില്‍ രംഗത്തെ പ്രാതിനിധ്യം, നവകേരളത്തിലെ വൈദഗ്ധ്യ പരിശീലന പദ്ധതി, വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വം, സംരംഭകത്വ സാധ്യതകള്‍, സ്ത്രീ സൗഹൃദപരമായ തൊഴില്‍മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ മാറുന്ന കുടുംബവും സമൂഹവും, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം, നവകേരള സാംസ്‌കാരികത, ബാലസുരക്ഷിത കേരളം, ബാലാവകാശ സംരക്ഷണത്തില്‍ വികേന്ദ്രീകൃത സംവിധാനത്തിന്റെ പങ്ക് എന്നിവയും ഉള്‍പ്പെടും. ശിശു വികസനം മേഖലയില്‍ കുട്ടികളിലെ പോഷണം, നിലവിലെ കേരളത്തിലെ പ്രതിസന്ധികളും പരിഹാര മാര്‍ഗ്ഗങ്ങളും, പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പ്രസക്തി, ശിശു സൗഹൃദ അങ്കണവാടികളുടെ ഭാവി രൂപരേഖ, ശിശു വികസന രംഗത്ത് വിവിധ വകുപ്പുകളുടെ പങ്കാളിത്തവും ഏകോപനവും, ജീവിതചക്ര സമീപനത്തില്‍ കൗമാരത്തിന്റെ പ്രാധാന്യം എന്നിവയും സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടും.

സെമിനാറിന്റെ അവസാന ഘട്ടത്തില്‍ പാനല്‍ റിപ്പോര്‍ട്ട് അവതരണവും തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ക്രോഡീകരണ പ്രസംഗവും നടത്തും. തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് നന്ദി രേഖപ്പെടുത്തും.

date