Skip to main content

സംസ്ഥാനത്ത് പൊതുവിതരണരംഗം ശക്തം- മന്ത്രി ജി. ആർ അനിൽ

 

 

പെരിങ്ങോട്ടുകുറിശ്ശിയിൽ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പൊതുവിതരണ രംഗത്തും മാർക്കറ്റ് ഇൻ്റർവെൻഷൻ പ്രവർത്തനങ്ങളിലും ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ .പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനമാരംഭിക്കുന്നതിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിതരണ വകുപ്പും സിവിൽ സപ്ലൈസ് കോർപ്പറേഷനും (സപ്ലൈകോ) നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയം കൈവരിക്കാൻ കഴിഞ്ഞു. ഓണക്കാലത്ത് അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക്  ലഭ്യമാക്കാൻ കഴിഞ്ഞതും
ജനങ്ങൾക്കേറെ ഉപകാരപ്രദമായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇത്തരം ഇടപെടലുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പെരുങ്ങോട്ടുകുറിശ്ശി സൂപ്പർ മാർക്കറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ പി.പി. സുമോദ് എം എൽ എ അധ്യക്ഷത വഹിച്ചു. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം കേരളകുമാരി,ആലത്തൂർ താലൂക്ക് ഡിപ്പോ അസിസ്റ്റന്റ് മാനേജർ വി.സതീഷ്,പാലക്കാട് സപ്ലൈകോ അസിസ്റ്റന്റ് പി.സി പ്രമീള കുമാരി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date