നിറവ് - 2025 കിസാൻ മേളയ്ക്ക് താനാളൂരിൽ തുടക്കമായി. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
കാർഷിക വികസന- കർഷകക്ഷേമ വകുപ്പിന്റെ 'നിറവ് 2025 ' കിസാൻ മേളയ്ക്ക് താനാളൂരിൽ തുടക്കമായി. താനാളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടി കായിക -ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെയും അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പദ്ധതിയുടെയും ഭാഗമായി കിസാൻ കർഷക ഫീൽഡ് ഡേയും ഉൾചേർത്തുകൊണ്ടുള്ള പരിപാടിയാണ് 'നിറവ് 2025.
ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള അവാർഡ് ലഭിച്ച താനാളൂർ കൃഷിഭവന് മന്ത്രി പുരസ്കാരം നൽകി. 'നിറവ്' എന്ന പേര് കിസാൻ മേളയ്ക്ക് നിർദ്ദേശിച്ച കർഷകർക്കും അനുമോദനം നൽകി. കൂടാതെ നാല് ദിവസമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയിയായ ശിഹാദിന് തെയ്യമ്പാട്ടിൽ ജ്വല്ലറി നൽകുന്ന സ്വർണ്ണ നാണയവും മന്ത്രി സമ്മാനിച്ചു. ആത്മ മലപ്പുറം താനൂർ കാർഷിക ബ്ലോക്കിന്റെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ കാർഷിക സെമിനാറുകൾ, ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ, കാർഷിക മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും നടക്കും.
ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് അബ്ദു റസാഖ്, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീൽ മാസ്റ്റർ, താനൂർ മുൻസിപ്പാലിറ്റി ചെയർമാൻ റഷീദ് മോര്യ, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ, എൻ.ഡബ്ളിയു.പി.ആർ.എ ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, പൊന്മുണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഇ ബാബു ഷക്കീർ, വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
മേളയുടെ അവസാന ദിനമായ നാളെ (ഞായർ) കൂൺഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാളുകളിലായി കാർഷിക മെഷിനറികൾ, കൂൺ ഉൽപ്പന്നങ്ങൾ , ചെടികൾ,വിത്തുകൾ, വെറ്റില ഉൽപ്പന്നങ്ങൾ, വിവിധ വളങ്ങൾ, അഗ്രോ ക്ലിനിക്, കാർഷിക ഹെൽത്ത് ചെക്കപ്പ് തുടങ്ങിയവയും ഉണ്ടായിരിക്കും.
- Log in to post comments