കാലാവസ്ഥ വ്യതിയാന പ്രതിരോധത്തിൽ പുത്തൻ ചുവടുവെപ്പുമായി മൂടാടി ഗ്രാമപഞ്ചായത്ത്
ഹീറ്റ് ആക്ഷൻ പദ്ധതി രേഖ മന്ത്രി എം ബി രാജേഷ് ഇന്ന് (21) പ്രകാശനം ചെയ്യും
കാലാവസ്ഥ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രാദേശിക മാതൃക തീർത്ത് മൂടാടി ഗ്രാമപഞ്ചായത്ത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഫലമായി ഭൂമിയുടെ ശരാശരി താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂട് പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ രേഖപ്പെടുത്തുന്ന ഹീറ്റ് ആക്ഷൻ പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയ കർമ പദ്ധതിയിൽ പെട്ടെന്ന് ചെയ്യേണ്ട പ്രവർത്തനങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹീറ്റ് ആക്ഷൻ പദ്ധതി പ്രകാശനം ഇന്ന് (21) വൈകീട്ട് 3.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
ഒന്നര വർഷമായി പഞ്ചായത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ദുരന്ത നിവാരണ അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, ഫഹദ്,-ആര്യ എന്നിവരാണ് നേതൃത്വം നൽകിയത്.
പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഹീറ്റ് ആക്ഷൻ പദ്ധതി സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രാദേശിക പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മൂടാടിയുടെ ഹീറ്റ് ആക്ഷൻ പ്ലാൻ സഹായകരമാകുമെന്നും പ്രസിഡൻ്റ് സി കെ ശ്രീകുമാർ പറഞ്ഞു.
- Log in to post comments