വിജയൻ ഇന്ന് (21) ഉദ്ഘാടനം ചെയ്യും
രാമനാട്ടുകര നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (21) ഉച്ച 12 മണിക്ക് നാടിന് സമർപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന് എംപി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഡയറക്ടർ സൂരജ് ഷാജി തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 15.44 കോടി രൂപയും നഗരസഭ തനതു ഫണ്ടിൽ നിന്നും 2.50 കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
ചെത്തുപാലം തോടിനു സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിൽ തികച്ചും പരിസ്ഥിതി സൗഹൃദമായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള നാലു നില കെട്ടിടം നിർമിച്ചത്. ലിഫ്റ്റ് സൗകര്യം, കാത്തിരിപ്പു കേന്ദ്രം, എല്ലാ നിലകളിലും ശുചിമുറി എന്നിവ കെട്ടിടത്തിലുണ്ട്. ഓഫിസിനോട് അനുബന്ധിച്ചു വിശാലമായ പാർക്കിങ് സൗകര്യവും കന്റീനും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ കൗൺസിൽ ഹാൾ സജ്ജമാക്കിയ കെട്ടിടത്തിൽ നഗരസഭ പരിപാടികൾ നടത്തുന്നതിനു 400 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പൊതു ഹാളും നിർമിച്ചിട്ടുണ്ട്. റോഡ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ, വൈദ്യുതി ഇന്റർനെറ്റ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങുമുണ്ട്.
പുതിയ കെട്ടിടത്തിൽ നഗരസഭാധ്യക്ഷ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറി എന്നിവരുടെ മുറികൾ ഒന്നാം നിലയിലാണ് ക്രമീകരിച്ചത്. ഓഫിസ് കാബിൻ, ഫ്രണ്ട് ഓഫിസ്, കാഷ് കൗണ്ടർ, റിസപ്ഷൻ, കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, എൻയുഎൽഎം ഓഫിസ്, ഹെൽത്ത് സ്റ്റോർ, ഐസിഡിഎസ് ഓഫിസ് എന്നിവ താഴത്തെ നിലയിലാകും പ്രവർത്തിക്കുക. എൻജിനീയറിങ് വിഭാഗം, ആരോഗ്യവിഭാഗം, റവന്യു വിഭാഗം, ലൈബ്രറി, വയോമിത്രം, റെക്കോർഡ് റൂം എന്നിവ രണ്ടാം നിലയിലും കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് ലോഞ്ച് എന്നിവ മുന്നാം നിലയിലുമാണ് ഒരുക്കുന്നത്.
- Log in to post comments