Skip to main content

മുനിസിപ്പാലിറ്റിയിലെ തെരുവുനായ് ശല്യത്തിന് പരിഹാരമാവും; നെടുമങ്ങാട് പോർട്ടബിൾ എ ബി സി സെന്റർ ഉദ്ഘാടനം ഇന്ന്

നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ട വാർഡുകളിലെ തെരുവുനായ്ക്കളെ  45 ദിവസങ്ങളിൽ വന്ധീകരിയ്ക്കുക എന്ന ലക്ഷ്യത്തോടെ   ഒരുക്കിയിട്ടുള്ള പോർട്ടബിൾ ആനിമൽ ബർത്ത് കൺട്രോൾ സെന്റർ ഇന്ന് പ്രവർത്തന സജ്ജമാവും. സെന്ററിന്റെ  ഉദ്ഘാടനം നെടുമങ്ങാട് ടൗൺ ഹാളിൽ ഇന്ന് (ഒക്ടോബർ 29) ഉച്ചയ്ക്ക് 12ന് മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെന്ററിന്റെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും  ശസ്ത്രക്രിയ ഉപകരണ കിറ്റിന്റെ  കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറും നിർവഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.

ഒരു പ്രദേശത്ത് നിശ്ചിത ദിവസം ക്യാമ്പ് ചെയ്ത് ആ പ്രദേശങ്ങളിലെ പരമാവധി തെരുവ് നായ്ക്കളെ വന്ധീകരിയ്ക്കുകയും അതിനു ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ച് വന്ധ്യംകരണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തരത്തിലാണ്  സെന്റർ പ്രവർത്തിക്കുക.  ഒരു ദിവസം ഡോക്ടർമാരടങ്ങുന്ന ഒരു ടീം ഏഴുമുതൽ പത്ത് വരെ   തെരുവ് നായ്ക്കളെ വന്ധീകരിയ്ക്കും. സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമുള്ള വെറ്ററിനറി സർജ്ജന്മാരെയും ഓപ്പറേഷൻ തീയറ്റർ അറ്റൻഡർമാരെയും വന്ധീകരണത്തിനു ശേഷം നായ്ക്കളെ ശുശ്രുഷിക്കുന്നതിനുള്ള ഡോഗ് ഹാൻഡ്ലേഴ്സിനെയും ഡോഗ് ക്യാച്ചേഴ്സിനെയും നിയമിച്ചിട്ടുണ്ട്.

ജനറേറ്റർ സൗകര്യത്തോടു കൂടിയ, എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയറ്ററാണ് പോർട്ടബിൾ സെന്ററിൽ സജീകരിച്ചിട്ടുള്ളത്. വന്ധീകരിച്ച നായ്ക്കളെ പോർട്ടബിൾ സെന്ററിനോട് ചേർന്ന് പ്രത്യേകമായി സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ 4 മുതൽ 5 ദിവസം ദിവസം വരെ പാർപ്പിച്ച്, ആവശ്യമുള്ള ശുശ്രൂഷയും, ഭക്ഷണവും, പരിചരണവും പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പും നൽകിയതിനു ശേഷം അവയെ എവിടെ നിന്നാണോ പിടിച്ചത് ആ സ്ഥലത്തു തന്നെ തിരികെ വിടും.  ഇത്തരത്തിൽ 35 കൂടുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

date