തൊഴിലാളി ക്ഷാമബത്ത പരിഷ്‌കരണം: 'കുടുംബ ബജറ്റ് സര്‍വേ 2025-26' ആരംഭിച്ചു
കാര്‍ഷിക, വ്യാവസായിക തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിലെ പ്രധാന ഘടകമായ ക്ഷാമബത്ത (ഡി എ) കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് 'കുടുംബ ബജറ്റ് സര്‍വേ 2025-26' ആരംഭിച്ചു. തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിതച്ചെലവ് പ്രതിഫലിക്കുന്ന തരത്തില്‍ ഉപഭോക്തൃ വിലസൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) പുതുക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍, തൊഴില്‍ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സര്‍വേ നടത്തുന്നത്. നിലവില്‍ 2011-12 വര്‍ഷത്തെ ഉപഭോഗ രീതി അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ക്ഷാമബത്ത നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിലെ ജീവിതരീതിയിലെയും ഉപഭോഗത്തിലെയും മാറ്റങ്ങള്‍ കണക്കിലെടുത്ത് സൂചിക പുതുക്കണമെന്ന തൊഴിലാളി സംഘടനകളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിച്ചാണ് 2025-26 അടിസ്ഥാന വര്‍ഷമാക്കി പുതിയ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ 17 കേന്ദ്രങ്ങളില്‍ നിന്നായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ശാസ്ത്രീയമായി തിരഞ്ഞെടുത്താണ് സര്‍വേ. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, വരുമാനം, വീടിന്റെ അവസ്ഥ, ദൈനംദിന ഉപഭോഗം ചെയ്യുന്ന എല്ലാ സാധന-സേവനങ്ങളുടെയും അളവും മൂല്യവും ഉള്‍പ്പെടെ സമഗ്രമായ വിവരശേഖരണമാണ് നടക്കുക.
സര്‍വേയുടെ മേല്‍നോട്ടത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥ, വിദഗ്ദ്ധ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 21 അംഗ സംസ്ഥാനതല 'കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് റിവിഷന്‍ കമ്മിറ്റി' രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മാത്രം 360 കുടുംബങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
- Log in to post comments