Skip to main content

മലയാള ദിനാചരണവും ഭരണ ഭാഷ വാരാഘോഷവും നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ

 

ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണ ഭാഷ വാരഘോഷവും നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കും. മലയാള ദിനാചരണത്തിന്റെയും ഭരണ ഭാഷാ വാരഘോഷത്തിന്റെയും ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10:30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിക്കും. അതോടൊപ്പം ഭരണഭാഷ പുരസ്‌കാര പ്രഖ്യാപനവും പുരസ്‌കാര ജേതാവിനെ ആദരിക്കല്‍ ചടങ്ങും നടത്തും. കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ വൈശാഖന്‍ ‘പുതുതലമുറയും മലയാളഭാഷയും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എസ്.എസ് അല്‍ഫ ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. മലയാളഭാഷ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ (തെരഞ്ഞെടുപ്പ്) എസ്. സജീദ് അധ്യക്ഷനാകും. വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിന് കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി ഉപന്യാസ രചനാ മത്സരവും നാലിന് കവിതാ പരായണ മത്സരവും നടക്കും. ഇതോടൊപ്പം വോയിസ് ഓഫ് കളക്ടറേറ്റ് അവതരിപ്പിക്കുന്ന മലയാള ദിനാചരണവുമായി ബന്ധപ്പെട്ട ഗാനോപഹാരം ഉണ്ടാകും. പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ബിന്ദു, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍)ശ്രീജിത്ത്, ജില്ലാ നിയമ ഓഫീസര്‍ എ.എ രാജ്, ഫിനാന്‍സ് ഓഫീസര്‍ സി.ജെ രാഖി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, പാലക്കാട് ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷീജ എന്നിവര്‍ പങ്കെടുക്കും.

 

date