ഹരിത മാംഗല്യം കുടുംബശ്രീകളിലൂടെ; ആഘോഷങ്ങള്‍ മാലിന്യ മുക്തമാക്കി പായം പഞ്ചായത്ത്
ആഘോഷങ്ങള്‍ കഴിയുമ്പോള്‍ ബാക്കിയാകുന്ന പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന വീട്ടുകാരുടെ മുഖം എല്ലായിടത്തുമുള്ള സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരം കാണാന്‍ പ്രായോഗികവും ആകര്‍ഷകവുമായ പദ്ധതിയാണ് പായം പഞ്ചായത്ത് നടപ്പാക്കുന്നത്. ഡിസ്‌പോസിബിള്‍- പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പകരം വാഴയിലയും കുപ്പിഗ്ലാസുകളുമാണ് ഇവിടെ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത്.
കല്യാണം, ഗൃഹപ്രവേശം തുടങ്ങി പഞ്ചായത്തില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളിലും വാഴയില മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന തീരുമാനം 2017 ഫെബ്രുവരിയിലാണ് കൈകൊണ്ടത്. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇന്നും പഞ്ചായത്തില്‍ മുറ തെറ്റാതെ നടന്നു പോരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പായം പഞ്ചായത്തില്‍് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഭക്ഷണം നലല്‍കുന്നതിന് എത്ര ഇല വേണമെന്ന് ഒരാഴ്ച മുമ്പ് തന്നെ ബന്ധപ്പെട്ട കുടുംബശ്രീ അധികൃതരെ അറിയിച്ചാല്‍ മാത്രം മതി ഇല വീട്ടിലെത്തും. അതിന് ന്യായമായ വിലയും അംഗങ്ങള്‍ ഈടാക്കും. ആദ്യഘട്ടത്തില്‍ പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും കര്‍ശന നിലപാട് സ്വീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ പറഞ്ഞു.
ഹരിത മാംഗല്യം കുടുംബശ്രീകളിലൂടെ എന്ന മുദ്രാവാക്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2017 ല്‍ 20,000 ഞാലിപ്പൂവന്‍ വാഴക്കന്നുകളും 2018 ല്‍ 14,000 ഞാലിപ്പൂവന്‍ വാഴക്കന്നുകളുമാണ് കൃഷി ചെയ്യുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യമായി പഞ്ചായത്ത് നല്‍കിയത്. 2019 ല്‍ 20,000 വാഴക്കന്നുകള്‍ കൂടി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുവഴി പഞ്ചായത്തില്‍ വാഴയിലകള്‍ സുലഭമാവുകയും ചെയ്തു. ഇലകള്‍ക്ക് ദൗര്‍ലഭ്യം വരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി 1200 കുപ്പി പ്ലേറ്റുകളും 1000 ക്ലാസും കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്.
ആഘോഷവേളകള്‍ക്ക് ശേഷം ബാക്കിയാകുന്ന മാലിന്യങ്ങളെക്കുറിച്ചുള്ള ആശങ്ക ഇന്ന് പായം പഞ്ചായത്തില്‍ ഇല്ല. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുന്ന മാതൃക പദ്ധതിയാണ് പായത്ത് വിജയകരമായി നടപ്പാക്കിയിരിക്കുന്നത്.
- Log in to post comments