Skip to main content

അശ്വമേധം 7.0; വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം 7.0 യുടെ ഭാഗമായി കളക്ടറേറ്റില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ കെ.ജി. പ്രാണ്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അശ്വമേധം പദ്ധതിയെക്കുറിച്ചും കുഷ്ഠരോഗത്തെക്കുറിച്ചും ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ഫ്‌ലെമി ജോസ് വിശദീകരിച്ചു.

പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകയും ഒരു പുരുഷ വളണ്ടിയറും ചേര്‍ന്ന ടീം ജനുവരി ഏഴുമുതല്‍ മുതല്‍ 20 വരെ ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിക്കുകയും കുഷ്ഠരോഗത്തെക്കുറിച്ച് പോസ്റ്ററിന്റെ സഹായത്തോടെ ബോധവല്‍ക്കരണം, ദേഹ പരിശോധന എന്നിവ നടത്തുകയും ചെയ്യും. ശരീരത്തില്‍ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക് നിര്‍ദ്ദേശിക്കുകയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നേരത്തെ സമൂഹത്തില്‍ നിന്നും കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യും. കുഷ്ഠരോഗ നിര്‍ണ്ണയവും ചികിത്സയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമാണ്. വായുവിലൂടെ പകരുന്ന ഈ രോഗത്തിന് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സകളാണുള്ളത്. ജില്ലയില്‍ 2419 ടീമുകളാണ് യജ്ഞത്തിനായി സജ്ജമായിട്ടുള്ളത്. കൂടാതെ ടീമിന്റെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി ആരോഗ്യ വകുപ്പിലെ ഫീല്‍ഡ്തല വിഭാഗം ജീവനക്കാരെയും സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ടി.പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സജീവ്കുമാര്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍.എ ഷീജ, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date