Skip to main content

പാലക്കാടിന്റെ ഗ്രാമ്യഭംഗിയിലേക്ക് ഇന്ത്യന്‍ ഗ്രാമീണതയും: കുടുംബശ്രീ ദേശീയ സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് (ജനുവരി 2) കൊടിയേറ്റം

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 5.30 ന് സരസ് മേള ഉദ്ഘാടനം ചെയ്യും
       
28 സംസ്ഥാനങ്ങള്‍, ആകെ 250 സ്റ്റാളുകള്‍, മുപ്പതിലധികം ഫുഡ് സ്റ്റാളുകള്‍ അടങ്ങുന്ന മെഗാ ഇന്ത്യന്‍ ഫുഡ്‌കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, ഹാപ്പിനെസ് കോര്‍ണര്‍ എന്നിവ മേളയുടെ ആകര്‍ഷണമാകും

പാലക്കാട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ഇന്ന്(212026) മുതല്‍ 11 വരെ തൃത്താല ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയില്‍  സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് കൊടിയേറും. തൃത്താലയുടെ ചരിത്രത്തില്‍ ഇതാദ്യമായി അരങ്ങേറുന്ന ദേശീയ സരസ് മേള ഇന്നു(212026) വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എ.പിമാരായ അബ്ദുള്‍ സമദ് സമദാനി, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.എല്‍.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ആശംസിക്കും.    

ഉദ്ഘാടനം സമ്മേളനത്തിനു മുന്നോടിയായി മൂന്നു മണിക്ക് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്റ്‌റിന് സമീപത്ത് നിന്നും മുലയംപറമ്പ് മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര  സംഘടിപ്പിക്കും. തുടര്‍ന്ന് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോടും സംഘവും തിറ, പൂതന്‍, കരിങ്കാളി ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ഏഴു മുതല്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംഗീത സംവിധായകന്‍ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തില്‍ 'ത്രയ'-ദി മ്യൂസിക്കല്‍ ഫ്യൂഷന്‍ പരിപാടിയും അരങ്ങേറും.
                                            
ഉല്‍പന്ന രുചി വൈവിധ്യങ്ങളും
കലാ സാംസ്‌കാരിക പരിപാടികളുമായി കുടുംബശ്രീ ദേശീയസരസ് മേള:
തൃത്താലയ്ക്കിനി ഉത്സവ നാളുകള്‍  

                                 
പാലക്കാട്: ഉല്‍പന്ന രുചി വൈവിധ്യങ്ങളും കലാ സാംസ്‌കാരിക പരിപാടികളുമായി കുടുംബശ്രീ ദേശീയസരസ് മേള അരങ്ങേറുന്നതോടെ തൃത്താലയെ കാത്തിരിക്കുന്നത് ഇനി ഉത്സവ നാളുകള്‍.  
  സരസ്‌മേളയോടനുബന്ധിച്ച് ഇക്കുറി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഉല്‍പന്ന പ്രദര്‍ശന വിപണന വിഭാഗം പ്രവര്‍ത്തിക്കുക. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ സംരംഭകര്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് സരസ് മേളയുടെ മുഖ്യ ആകര്‍ഷണം.  ഇതര സംസ്ഥാനങ്ങളിലെ സംരംഭകര്‍ നിര്‍മിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍,  ആഭരണങ്ങള്‍ എന്നിവയെല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാകും.

 ഇതു കൂടാതെ ഒരേ സമയം അഞ്ഞൂറോളം പേര്‍ക്ക് വരെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ മെഗാ ഇന്ത്യന്‍ ഫുഡ് കോര്‍ട്ട്, വിശാലമായ കലാവേദി എന്നിവയും സരസ് മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വനിതാ സംരംഭകരും എറണാകുളത്തു നിന്നുള്ള ലക്ഷ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രൂപ്പും തങ്ങളുടെ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ടില്‍ പങ്കെടുക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, ഹാപ്പിനെസ് കോര്‍ണര്‍ എന്നിവയും മേളയുടെ ഭാഗമായുണ്ട്.

ക്യാപ്റ്റന്‍ ലക്ഷ്മി, അമ്മു സ്വാമിനാഥന്‍, പഞ്ചമി എന്നിങ്ങനെയാണ് കലാസാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറുന്ന വേദികളുടെ പേരുകള്‍. മേള നടക്കുന്ന പത്തു ദിവസങ്ങളിലായി  ചലച്ചിത്ര താരം നവ്യ നായര്‍, പിന്നണി ഗായിക റിമി ടോമി, പുഷ്പവതി പൊയ്പാടത്ത്, കുമാരി ഗംഗാ ശശിധരന്‍,  ആര്‍.എല്‍.വി രാമകൃഷ്ണന്‍, ഷഹബാസ്, സൂരജ് സന്തോഷ്, സ്റ്റീഫന്‍ ദേവസ്സി, സിതാര കൃഷ്ണ കുമാര്‍ എന്നിവരും കലാവേദിലെത്തും.  ഒരേ സമയം ആയിരത്തിലേറെ പേര്‍ക്ക് പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുന്ന പടുകൂറ്റന്‍ വേദിയാണ് കലാപരിപാടികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്.
 

മേളയുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സ്, പോലീസ് വിഭാഗത്തിന്റെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് രൂപീകരിച്ച വിവിധ സബ്കമ്മിറ്റികള്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സരസ് മേളയുടെ സുഗമമായ നടത്തിപ്പിനായി നൂറ്റി അമ്പതോളം മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാര്‍, വൊളണ്ടിയര്‍മാര്‍ എന്നിവരും ഉണ്ടാകും. മേളയിലുടനീളം ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി മുന്നൂറ്റി അമ്പതോളം ഹരിതകര്‍മ സേനാംഗങ്ങളുടെ സേവനവും ലഭ്യമാക്കും.  എല്ലാ വേദികളില്‍ നിന്നും മാലിന്യശേഖരണവും മാലിന്യ സംസ്‌ക്കരണവും ഇവര്‍ മുഖേനയാകും നടപ്പാക്കുക. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സഹകരണവും മേളയില്‍ ഉറപ്പാക്കിയിട്ടുണ്ട്.

 

ഇന്ത്യന്‍ രുചി വൈവിധ്യവുമായി ദേശീയ സരസ് മേള ചാലിശ്ശേരിയില്‍

കലാസാംസ്‌കാരിക മാമാങ്കത്തിന് വേദിയൊരുങ്ങിയ ചാലിശ്ശേരിയില്‍ രുചിയുടെ കലവറ തീര്‍ക്കാന്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ചാലിശ്ശേരി മുലയം പറമ്പ് മൈതാനിയോട് ചേര്‍ന്ന് തയ്യാറാക്കിയ 32 സ്റ്റാളുകളില്‍ ഇന്നു മുതല്‍ (ജനുവരി രണ്ട്) ഇന്ത്യയുടെ രുചിവൈവിധ്യം നിറയും. നാനാത്വത്തില്‍ ഏകത്വം വിളമ്പുന്ന ഇന്ത്യന്‍ മാതൃക വിളിച്ചോതും വിധം ഇന്ത്യയുടെ എല്ലാ വിഭവങ്ങളും ഒറ്റ പാത്രത്തില്‍ വിളമ്പി
ഇന്ത്യ പ്ലേറ്റ് സജ്ജീകരിച്ചാണ് ഭക്ഷണശാല തുറക്കുന്നത്. ഭക്ഷണശാലയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിക്കും.

20 ല്‍ പരം ഇന്ത്യന്‍ ബിരിയാണികള്‍, നാല് കൗണ്ടറുകളിലായി ആരോഗ്യദായകങ്ങളായ പാനീയങ്ങളുള്‍പ്പെടെ മുന്നൂറിലധികം പാനീയങ്ങള്‍,കേരളത്തിന്റെ തനത് മധുര പലഹാരമായ ഉണ്ണിയപ്പം മുതല്‍ ആന്ധ്രാ പ്രദേശിന്റെ പഴമയുടെ കഥ പറയുന്ന പോത്തരേക്കുലുവരെയുള്ള നാടന്‍ പലഹാരങ്ങളാണ് ഭക്ഷ്യ പ്രേമികളെ കാത്തിരിക്കുന്നത്.

കൂടാതെ ഗോത്ര വിഭവങ്ങളില്‍ പേരുകേട്ട വനസുന്ദരി, കടല്‍ വിഭവങ്ങള്‍ എന്നിങ്ങനെ വായില്‍ വെള്ളമൂറും  വിഭവങ്ങളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ ഐഫ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് കുടുംബശ്രീ മികവ് തെളിയിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും സംരംഭകരായി മാറിയ വനിതാ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഓരോ സ്റ്റാളുകളും.

 

ദേശീയ സരസ് മേള; ശ്രദ്ധേയമായി തദ്ദേശ സംഗമം

ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ വിജയത്തിനായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സംഗമം തദ്ദേശസ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല മണ്ഡലത്തില്‍ ആദ്യമായി നടക്കുന്ന സരസ് മേളയില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

സരസ് മേളയുടെ ഫുഡ് കോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. ടി. വിനിഷ, കെ പി വിബിലേഷ്, കെ ശശിരേഖ, പി എന്‍ അംബിക, റംല വീരാന്‍ കുട്ടി, അഡ്വ. നിഷ വിജയകുമാര്‍, ജയന്തി വിജയകുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീന അക്ബര്‍, നവകേരളം കോര്‍ഡിനേറ്റര്‍ പി സെയ്തലവി, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സരസ് മേള മീഡിയ സെല്‍
കുടുംബശ്രീ, പാലക്കാട്

date