ജനുവരിയോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാകും- മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാത്തിരിപ്പിന് വിരാമം; കൈവശ ഭൂമി
ഇനി സാംനഗര്‍ നിവാസികള്‍ക്ക് സ്വന്തം
കൈവശ ഭൂമിയുടെ പട്ടയം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറുമ്പോള്‍ മറിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച നിമിഷമായിരുന്നു അത്. മറിയാമ്മയുടേതുള്‍പ്പെടെ 556 കുടുംങ്ങളുടെ സ്വപ്നമാണ് തിങ്കള്‍കരിക്കം വില്ലേജിലെ സാംനഗറില്‍ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ സഫലമായത്.
പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. അടുത്ത മാസത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതത്വത്തിലുള്ള സര്‍ക്കാര്‍ ഇതുവരെ 75000 പേര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കി. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിതരണം ചെയ്യുന്നതിന് മുപ്പതിനായിരം പട്ടയങ്ങള്‍കൂടി തയ്യാറാക്കിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ അനേകം പേര്‍ അവശേഷിക്കുന്ന സാഹചര്യത്തില്‍ പട്ടയ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനംഅദ്ദേഹം വ്യക്തമാക്കി.
വനം മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എം.എല്‍.എ പി.എസ്. സുപാല്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, എ.ഡി.എം ബി.രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ ബി.ശശികുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍മാന്‍ പി.ജെ. രാജു സ്വാഗതവും തഹസീല്‍ദാര്‍ ജി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്. പുനലൂര്‍ താലൂക്കിലെ റോസ്മലയിലെ കൈവശക്കാര്‍ക്കും മാമ്പഴത്തറ നിവാസികള്‍ക്കും ഈ വര്‍ഷം ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ കൈമാറിയിരുന്നു.
(പി.ആര്‍.കെ. നമ്പര്‍. 2916/18)
- Log in to post comments