ലെറ്റർ ടൂറിസം സർക്യൂട്ടിന് ജില്ലയിൽ തുടക്കമായി
കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഭാഷാ- സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം പരിപാടിക്ക് തുടക്കം. മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ നിന്നാരംഭിച്ച യാത്ര സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്മാരകം മുതൽ അച്ചടിപാരമ്പര്യത്തിന്റെ മുഖമുദ്രയായ സി.എം.എസ് പ്രസ്സ് വരെയുള്ള പത്തിലേറെ ചരിത്ര-പൈതൃക കേന്ദ്രങ്ങളിലേക്കാണ് ലെറ്റർ ടൂറിസം യാത്ര.
സി.എം.എസ് കോളജ്, ബെഞ്ചമിൻ ബെയ്ലി മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുമാരനല്ലൂർ ശേവധി മ്യൂസിയം ആൻഡ് ഇൻഡോളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ യാത്ര അവസാനിക്കും.
കറുകച്ചാൽ ഉപജില്ലയിൽ ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഭാഗമായ വിവിധ സ്കൂളുകളിലെ 10 വിദ്യാർഥികളും അധ്യാപകരുമാണ് യാത്രയുടെ ഭാഗമായത്.
അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകാൻ പൊതു ജനങ്ങൾക്കും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ:9567829587,0481-2080553.
ജോയിന്റ് റജിസ്ട്രാർ ജനറൽ ഇൻ ചാർജ് കെ.പി ഉണ്ണികൃഷ്ണൻ നായർ, സാഹിത്യപ്രവർത്തക സഹകരണ സംഘം സെക്രട്ടറി എസ്. സന്തോഷ് കുമാർ,അക്ഷരം മ്യൂസിയം മാനേജർ രാജീവ് എം. ജോൺ, ബി. ശശികുമാർ, കെ. പ്രശാന്ത്, കെ.ജെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments