ജില്ലാതല അറിയിപ്പുകള്
കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്ന, മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന യുവജനങ്ങള്‍ക്കായി മാസം 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ഡീംഡ് സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണനാ ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യ പരിശീലനം, മത്സര പരീക്ഷ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിയ്ക്ക് ഒരു തവണ പരമാവധി 12 മാസത്തേക്ക് മാത്രമേ സ്കോളര്‍ഷിപ് ലഭിക്കുകയുള്ളു.
ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെന്ഷന് ലഭിക്കുന്നവര്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 0497 2700831, തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- 04602209400 നമ്പറുകളില്‍ ബന്ധപ്പെടാം.
സെമിനാര്‍ ജനുവരി 25ന്
കണ്ണൂര്‍ ആകാശവാണി നിലയവും പരിസ്ഥിതി സംഘടനയായ മാര്‍ക്കും സംയുക്തമായി കണ്ണൂരിന്റെ നഗരവല്‍ക്കരണവും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 25 ന് വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ താളിക്കാവിന് സമീപമുള്ള ഹോട്ടല്‍ ബിനാലെ ഇന്റര്‍നാഷണലിലാണ് സെമിനാര്‍. പ്രസ്തുത വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും 300 വാക്കുകളില്‍ കവിയാത്ത ആശയങ്ങള്‍ marc.wildlife@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 നുള്ളില്‍ അയക്കാം. മികച്ച മൂന്ന് ആശയങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഫോണ്‍: 9847313431
എസ് പി സി ടോക്സ് വിത്ത് കോപ്സ്
കെ.എ.പി നാലാം ബറ്റാലിയനുമായി ബന്ധപ്പെട്ട സോനാംഗങ്ങളുടെ എസ് പി സി ടോക്സ് വിത്ത് കോപ്സ് വെര്‍ച്വല്‍ അദാലത്തിന്റെ അടുത്ത സെക്ഷന്‍ ജനുവരി 24 ന് നടക്കും. പരാതികള്‍ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍ സഹിതം spctalks.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം.
പട്ടികവര്‍ഗ പ്രൊമോട്ടര്‍ നിയമനം
കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസിന് കീഴിലുള്ള വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആറളം ടി.ആര്.ഡി.എം ഓഫീസിലും പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ആറളം, ഇരിട്ടി, കൂത്തുപറമ്പ് മേഖലയിലുള്ളവര്‍ ജനുവരി 14നും തളിപ്പറമ്പ്, പേരാവൂര്‍ മേഖലയിലുള്ളവര്‍ ജനുവരി 15നും രാവിലെ 9.30 ന് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം.
ഹ്രസ്വകാല കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന സര്ട്ടിഫിക്കേഷന് ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്നോളജി, സിസിടിവി ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354
ലേലം
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഉല്പാദന കേന്ദ്രങ്ങളിലുള്ള പഴയ തറികള്‍, ചര്ക്കകള് ഉള്‍പ്പെടെയുളള സാധനങ്ങള്‍ ജനുവരി 21 ന് വൈകീട്ട് മൂന്ന് മണി മുതല്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04985 202310, 04985 202590
- Log in to post comments