Skip to main content

സംസ്ഥാന സ്കൂൾ കലോത്സവം: "ചാരെ" പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കലാപ്രതിഭകൾക്ക് ഹൃദ്യമായ സ്വാഗതം ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകൾ നടപ്പാക്കുന്ന 'ചാരെ' പദ്ധതിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കലാപ്രതിഭകൾക്ക് താമസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വസ്തുക്കൾ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകൾ കൈമാറി. ഉപയോഗയോഗ്യമായ സാധനങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുകയും, പുനരുപയോഗത്തിന് അനുയോജ്യമല്ലാത്തവ ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്വവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തൃശ്ശൂർ ജില്ലയിലെ 13,200 ഹയർസെക്കൻഡറി എൻഎസ്എസ് വളണ്ടിയർമാർ ഈ ദൗത്യത്തിൽ സജീവ പങ്കാളികളാണ്. കലോത്സവ നഗരിയിൽ ഉത്തരവാദിത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ‘ചാരെ’ പദ്ധതിയിലൂടെ എൻഎസ്എസ് വിദ്യാർത്ഥികൾ.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ജില്ലയിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ വളണ്ടിയേഴ്സ് തൃശ്ശൂർ നഗരത്തിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ 200ലധികം അധ്യാപകർ, കോർപ്പറേഷൻ ഹരിത കർമ്മ സേന തൊഴിലാളികൾ, ശുചിത്വ മിഷൻ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. തേക്കിൻകാട് മൈതാനം, ടൗൺഹാൾ, ഭക്ഷണശാല, കലോത്സവം നടക്കുന്ന സ്കൂളുകൾ എന്നിവയാണ് കലോത്സവത്തിന് മുന്നോടിയായി ശുചീകരിച്ചത്.

 ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ, കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കാർത്തിക മുരളി, ഗ്രീൻ പ്രോട്ടോകോൾ കോ-ഓഡിനേറ്റർ, എൻ. എസ് എസ് ഹയർ സെക്കൻഡറി ജില്ല കൺവീനർ എം. വി. പ്രതീഷ്, ഹരിതകർമ്മസേനാംഗങ്ങൾ ക്ലസ്റ്റർ കൺവീനർമാരായ തോമസ് എ എം, വിജീഷ് എം വി, ശാലിനി ആർ, രേഖ ഇ ആർ, ശ്രീകല , സൂര്യതേജസ്, സന്ധ്യ പി പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date