സംസ്ഥാന സ്കൂൾ കലോത്സവം: വിദ്യാർത്ഥികൾക്ക് റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ, പി ബാലചന്ദ്രൻ എം എൽ എ, മേയർ നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ, ജനപ്രതിനിധികൾ, എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം ആറ്റിങ്ങൽ കെ ടി സി ടി എച്ച് എസ് എസിലെ വിദ്യാർത്ഥികളാണ് ജില്ലയിൽ ആദ്യം എത്തിയത്. പുലിക്കളി, മുത്തുകുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു കലാപ്രതിഭകൾക്ക് സ്വീകരണം ഒരുക്കിയത്. കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ഉത്സാഹവും പകരുന്ന ചടങ്ങായിരുന്നു ഇത്. വിദ്യാർത്ഥികളെ അക്കോമഡേഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹനം മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ്ഗ് ഓഫ് നിർവഹിച്ചു. ലൂർദ് സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന അക്കോമഡേഷൻ സെന്ററിൽ എത്തിയ കലാപ്രതിഭകളെ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, മേയർ നിജി ജസ്റ്റിൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ എന്നിവർ ചേർന്ന് മധുരം നൽകി സ്വീകരിച്ചു.
- Log in to post comments