Skip to main content
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

 

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ തോട്ടട ഗവ. വനിത ഐ.ടി.ഐ.യില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി മഞ്ജുഷ അധ്യക്ഷയായി.  

ട്രെയിനികള്‍ക്കുള്ള കോണ്‍ട്രാക്ട് വിതരണം ഉത്തര മേഖലാ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് ഇ.കെ മുഹമ്മദ് അഷ്റഫ് നിര്‍വഹിച്ചു. നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് മികച്ച രീതിയില്‍ നടപ്പിലാക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളായി തെരഞ്ഞെടുത്ത കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക് പ്രൊഡക്ട് ലിമിറ്റഡ്, കണ്ണൂര്‍ ജില്ലാ നിര്‍മിതി കേന്ദ്ര, കണ്ണൂര്‍ സിഗ്നേച്ചര്‍ മോട്ടോര്‍സ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാര വിതരണവും പരിപാടിയില്‍ നടന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖല, സഹകരണ, സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത 250 ലധികം അപ്രന്റീസ്ഷിപ്പ് ഒഴിവുകളിലേക്കാണ് അവസരം. മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഐ.ടി.ഐ ട്രേഡ് പാസായ ട്രെയിനികള്‍ക്ക് കണ്ണൂര്‍ ആര്‍.ഐ സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും. 

ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് ടെക്നിക്കല്‍ അഡൈ്വസര്‍ കെ.പി അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം പ്രതിനിധി പി.കെ ബിജോയി മേളയുടെ മുഴുവന്‍ സമയ നിരീക്ഷകനായി. ജില്ലാ ട്രെയിനിംഗ് ഓഫീസറും അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസറുമായ എ.പി നൗഷാദ്, ജൂനിയര്‍ നോണ്‍ ടെക്നിക്കല്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ പി.പി രമേശന്‍, ജില്ലാ നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എം.പി വത്സന്‍, കണ്ണൂര്‍ വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ കെ.എല്‍ സുധ, സീനിയര്‍ സൂപ്രണ്ട് പി.വി നിസാര്‍, സ്റ്റാഫ് സെക്രട്ടറി എം ഷീന എന്നിവര്‍ പങ്കെടുത്തു.

date