കേരളത്തിന്റെ പൊതുവിതരണ സംവിധാനം രാജ്യത്തിന് മാതൃക: ജി.ആർ അനിൽ
രാജ്യത്തിന് മാതൃകയായ ഒരു പൊതുവിതരണ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും എല്ലാ കുടുംബങ്ങൾക്കും റേഷൻകാർഡ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇക്കാലയളവിൽ പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അർഹരായ 39,000 കുടുംബങ്ങൾക്ക് പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, ദാരിദ്ര്യ നിർമ്മാർജനം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിതരണ വകുപ്പ് പ്രവർത്തിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരെ ചേർത്തുപിടിക്കുന്നതിന് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 5,85,169 കുടുംബങ്ങൾക്ക് പുതുതായി റേഷൻ കാർഡ് അനുവദിച്ചു. 1,25,326 മുൻഗണനാ കാർഡുകളും 4,45,610 പൊതുവിഭാഗം പൊതുവിഭാഗം കാർഡുകളും 8,427 (എൻ.പി.ഐ) കാർഡുകളും പുതുതായി അനുവദിച്ചു. പുതുതായി അനുവദിച്ചതും തരംമാറ്റി നൽകിയതും ഉൾപ്പടെ അർഹരായ 6,76,700 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ ലഭ്യമാക്കി. അർഹരായ 65,440 കുടുംബങ്ങളുടെ കാർഡുകൾ എ.എ.വൈ വിഭാഗത്തിലേക്ക് തരംമാറ്റുകയും ചെയ്തു.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ആർ ജയദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണർ ഹിമ കെ എസ്, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ വി, കൗൺസിലർ ജെ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 239/2026
- Log in to post comments