പ്രകൃതിവിഭവ ആസൂത്രണം; കരുവന്നൂര്‍ നദീതടം വികസന സെമിനാര്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും
ജില്ലയുടെ പ്രധാന ജീവനാഡിയായ കരുവന്നൂര്‍ പുഴയുടെ സമഗ്ര സംരക്ഷണം ലക്ഷ്യമിട്ട് ഭൂവിനിയോഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പ്രകൃതിവിഭവ ആസൂത്രണം: കരുവന്നൂര്‍ നദീതടം' എന്ന വിഷയത്തില്‍ നടത്തുന്ന വികസന സെമിനാര്‍ റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 31 ന് രാവിലെ 10 ന് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിക്കും.
നദീതട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ക്ക് നദീതട പദ്ധതികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും അവബോധം നല്‍കുകയാണ് സെമിനാറിന്റെ പ്രാഥമിക ലക്ഷ്യം. കരുവന്നൂര്‍ നദീതട ജല വിഭവ അറ്റ്‌ലസ് പ്രകാശനം, നദീതട സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങളും പാനല്‍ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിക്കും.
ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിഷയ വിദഗ്ധര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
- Log in to post comments