സംസ്ഥാന ബജറ്റ്: കാസർകോട് വികസന പാക്കേജിന് 80 കോടി, എൻഡോസൾഫാൻ ദുരിതബാധിതർക്കും ആരോഗ്യമേഖലയ്ക്കും പ്രത്യേക ഊന്നൽ
ജില്ലയുടെ സമഗ്ര മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ ഹൈലൈറ്റ്.
ജില്ലയുടെ വികസനത്തിനായി സുപ്രധാന പ്രഖ്യാപനങ്ങളാണ് 2026- 27 സംസ്ഥാന ബജറ്റിലുള്ളത്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം, പുതിയ നഴ്സിംഗ് കോളേജ്, വിനോദസഞ്ചാര വികസനം എന്നിവയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്.
ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കാസർകോട് വികസന പാക്കേജിനായി 80 കോടി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിൽ ജില്ലയിൽ പുതിയ സർക്കാർ നഴ്സിംഗ് കോളേജ് ബജറ്റിൽ പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകൾക്കൊപ്പമാണ് കാസർകോടിനും പുതിയ നഴ്സിംഗ് കോളേജ് അനുവദിച്ചിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി 17 കോടി രൂപയുടെ പ്രത്യേക പാക്കേജ് വകയിരുത്തിയിട്ടുണ്ട്. കൂടാതെ, എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർക്കായി വിഭാവനം ചെയ്തിട്ടുള്ള സംയോജിത പുനരധിവാസ ഗ്രാമങ്ങൾ എന്ന പദ്ധതിക്കായി 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതിന് 1.10 കോടി രൂപ അനുവദിച്ചു. ജില്ലയിലെ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.50 കോടി രൂപ അനുവദിച്ചു.
തീരദേശ വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ-നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയ അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയിൽ 500-ലധികം ആളുകൾക്ക് ഒത്തുചേരാൻ കഴിയുന്ന സൗകര്യങ്ങൾ സജ്ജമാക്കുന്ന പദ്ധതിയിൽ ബേക്കലിനെയും ഉൾപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും യോജിപ്പിച്ചുകൊണ്ട് 50 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ, പി.എസ്.സി ജില്ലാ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി 5.24 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി തുക വകയിരുത്തിയിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിൽ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്ത് ചെറിയ ജെട്ടി നിർമ്മാണത്തിനായി ഒരു കോടി രൂപ,ഉപ്പള പത്തോടി റോഡ് പുനരുദ്ധാരണത്തിനായി രണ്ട് കോടി രൂപ,കുമ്പള ആരിക്കാടി കടവത്ത് ഫിഷ്ലാൻഡിംഗ് സെന്ററിനായി ഒരു കോടി രൂപ,കടമ്പാർ മച്ചംപാടി റോഡിനായി ഒരുകോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചത്
കാസര്‍കോട് മണ്ഡലത്തില്‍ ചന്ദ്രഗിരി കോട്ടയുടെ നവീകരണത്തിന് തുക അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ എന്ന പദ്ധതിക്കായി 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂരിന് 15 കോടിയുടെ പദ്ധതികൾ; കാനത്തുപൊയിൽ പാലത്തിനും ടൗൺഹാളിനും അഞ്ചുകോടി വീതം
സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിന് ആകെ 15 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചതായി എം. രാജഗോപാലൻ എം.എൽ.എ. അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്ന കറ്റമറൈൻ ബോട്ട് സർവീസിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ചീമേനി കുന്നുംകൈ റോഡിലെ കാനത്തപൊയിൽ പാലം നിർമ്മാണത്തിനും നീലേശ്വരത്തെ ഇ.എം.എസ്. ടൗൺഹാൾ നിർമ്മാണത്തിനുമായി അഞ്ചുകോടി രൂപ വീതമാണ് അനുവദിച്ചത്. ടൂറിസം മേഖലയിൽ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ മുതൽ കവ്വായി കായലിലൂടെ തയ്യൽ സൗത്ത് വരെ സർവീസ് നടത്തുന്നതിനായി കറ്റമറൈൻ ബോട്ട് വാങ്ങുന്നതിന് ഒരു കോടി രൂപയും അനുവദിച്ചു. ഇതോടെ മണ്ഡലത്തിലെ ആകെ പദ്ധതി തുക 15 കോടി രൂപയായി ഉയർന്നു.
മറ്റ് പ്രധാന പദ്ധതികളായ കാലിക്കടവ്-കുറുഞ്ചേരി-പരപ്പച്ചാൽ റോഡ്, നീലേശ്വരം ബ്ലോക്ക് ഓഫീസ്-പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂർ റോഡ് എന്നിവയ്ക്ക് രണ്ട് കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ നെടുംമ്പ-ഓലാട്ട്-പാലക്കുന്ന് റോഡ്, പൊന്മാലം-അമ്മിഞ്ഞിക്കോട്-പാലത്തേര-പുലിക്കുണ്ട്-ചെമ്പ്രകാനം റോഡ്, മൗക്കോട്-കുണ്ടംതട്ട് ജംഗ്ഷൻ റോഡ്, എൻ.എച്ച്. പള്ളിക്കര-കുഞ്ഞിപ്പുളിക്കാൽ-താലൂക്ക് ആശുപത്രി ബൈപ്പാസ് റോഡ് എന്നിവ മെക്കാഡം ടാറിങ് നടത്തുന്നതിനായി ടോക്കൺ തുക അനുവദിച്ചു.
തൈക്കടപ്പുറം സ്റ്റോർ-അഴിത്തല റോഡ്, ചെറുവത്തൂർ വില്ലേജ് ഓഫീസ്-കണ്ണങ്കൈ-കാരിയിൽ-കിഴക്കേമുറി-എരിഞ്ഞിക്കിൽ റോഡ്, കാക്കടവ്-ബെഡൂർ-കമ്പല്ലൂർ റോഡ്, വരക്കാട്-ഏച്ചിപ്പൊയിൽ-മണ്ഡപം റോഡ്, മാങ്ങോട്-നരമ്പച്ചേരി-കണ്ണൻകുന്ന് റോഡ് എന്നിവയും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കയ്യൂർ ചൂട്ടേൻപാറ ടൂറിസം പദ്ധതി, പടന്ന തെക്കേക്കാട് റിവർസൈഡ് പാർക്ക്, ചന്തേര റെയിൽ ഓവർ ബ്രിഡ്ജ്, അഴിത്തല ടൂറിസം രണ്ടാംഘട്ടം എന്നിവയും മണ്ഡലത്തിലെ പ്രധാന നേട്ടങ്ങളാണ്. സമഗ്രമായ വികസനത്തിലൂടെ തൃക്കരിപ്പൂരിന്റെ മുഖച്ഛായ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം. രാജഗോപാലൻ എം.എൽ.എ. പറഞ്ഞു.
ഉദുമയെ ഉയരങ്ങളിലെത്തിക്കാൻ ബജറ്റിൽ 41 കോടി
ഉദുമ നിയോജക മണ്ഡലത്തിന് കീഴിൽ വിവിധ പദ്ധതികൾക്കായി 2026-27 വർഷത്തെ കേരളാ ബജറ്റിൽ 41 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എം എൽ എ അറിയിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി മാട്ട റോഡിൽ കരിച്ചേരി പുഴക്ക് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 13 കോടി രൂപയും, 2025-26 വർഷത്തെ സെൻട്രൽ റോഡ‍് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ ഉൾപ്പെടുത്തി ഉദുമ നിയോജക മണ്ഡലത്തിലെ ദേലംപാടി പഞ്ചായത്തിലെ പരപ്പ ദേലംപാടി ഊജംപാടി റോഡിന് 28 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചത്.
അമ്പിലാടിയിൽ നിലവിലുള്ള തൂക്കുപാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ചെക്ക് ഡാം കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ ബേഡഡുക്ക പഞ്ചായത്തിലെ അമ്പിലാടി, വാവടുക്കം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കല്യോട്ട് സ്കൂളിലേക്കും കാഞ്ഞങ്ങാട് പട്ടണത്തിലേക്കും എളുപ്പത്തിൽ ഗതാഗതം സാധ്യമാകും. ചെക്ക് ഡാം പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കാർഷിക കാർഷികേതര ജലസേചനത്തിനും ഗുണകരമാകുമെന്നും ദേലംപാടി പഞ്ചായത്തിൽ പരപ്പ-ദേലംപാടി കല്ലടുക്ക -ഉജ്ജംപാടി റോഡു പദ്ധതി പൂർത്തീകരിക്കുന്നതോടെ പ്രസ്തുത റോഡ് ഉന്നത നിലവാരത്തിലാകുമെന്നും എം.എൽ.എ അറിയിച്ചു.
ഇതിനുപുറമേ ഉദുമ മണ്ഡലത്തിലെ മുളിയാർ ബാവിക്കര തടയണയ്ക്ക് സമീപം പാലം നിർമ്മാണം, ബോവിക്കാനം എട്ടാംമൈൽ ബേവിഞ്ച റോഡ് നിർമ്മാണം, മുല്ലച്ചേരിയടുക്കം - ആലൂർ റോഡ്, ഉദുമ മുല്ലച്ചേരി റോഡ്, ഉദുമ കാപ്പിൽ ജംഗ്ഷൻ മുതൽ ബേവൂരി ജംഗ്ഷൻ വരെ റോഡ് നിർമ്മാണം, ചെമ്മനാട് ചന്ദ്രഗിരി പുഴക്ക് കുറെ വയലാംകുഴിയിൽ എസ് ഡബ്ല്യൂ ഇ റഗുലേറ്റർ നിർമ്മാണം, ബേഡഡുക്ക തോരോത്ത് അടുക്കത്തമ്പലം അമ്പിലാടി വാവടുക്കം റോഡ് എന്നീ പ്രവൃത്തികൾക്ക് ബജറ്റിൽ ടോക്കൺ പ്രൊവിഷൻ അനുവദിച്ചതായും എം.എൽ.എ പറഞ്ഞു.
സംസ്ഥാന ബജറ്റിൽ കാഞ്ഞങ്ങാട് മണ്ഡലത്തിന് 12 കോടി രൂപയുടെ വികസന പദ്ധതികൾ
ദേശീയ പൈതൃക ഇടനാഴി സാംസ്കാരിക സമുച്ചയം നിർമ്മാണത്തിനായി ഒരു കോടി രൂപ
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കാഞ്ഞങ്ങാട് മണ്ഡലത്തിന് 12 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഗതാഗത സൗകര്യ വികസനം, പൊതുസൗകര്യങ്ങൾ, സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
കാഞ്ഞങ്ങാട് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിനായി 2 കോടി രൂപയും കാഞ്ഞങ്ങാട് ടൗൺഹാൾ നിർമ്മാണത്തിനായി 2 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. പാണത്തൂർ–കുണ്ടുപ്പള്ളി–റാണിപുരം റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 1 കോടി രൂപയും പാണത്തൂർ–കല്ലപ്പള്ളി റോഡ് വികസനത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗതാഗത മേഖലയിലെ മറ്റ് പ്രധാന പദ്ധതികളായി പെരിയങ്ങാനം–കുറുഞ്ചേരി–കാലിക്കടവ് റോഡ്, കിഴക്കുംകര–വെള്ളിക്കോത്ത് റോഡ്, അട്ടേങ്ങാനം–നായിക്കയം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിന് ഓരോ കോടി രൂപ വീതം അനുവദിച്ചു. കക്കാട്ട് സ്കൂൾ സ്റ്റേഡിയം നിർമ്മാണത്തിനും ഒരു കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. കൂടാതെ ദേശീയ പൈതൃക ഇടനാഴി സാംസ്കാരിക സമുച്ചയം നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു.
ഇതിനുപുറമെ, കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം, മാണിക്കോത്ത് റെയിൽവേ മേൽപ്പാലം, മധുരംകൈ–പനങ്കാവ് പാലം നിർമ്മാണം എന്നിവയുൾപ്പെടെ നിരവധി പ്രവൃത്തികൾക്ക് ടോക്കൺ തുകയോടെ ഭരണാനുമതി നൽകി ബജറ്റിൽ ഉൾപ്പെടുത്തി.
അയ്യങ്കാവ്–പാലച്ചുരം തട്ട്–അരിങ്കല്ല്–വീട്ടിയാടി–പരപ്പ റോഡ്, പാത്തിക്കര–ആനമഞ്ഞൾ റോഡ്, കുണ്ടുകണ്ടം–മഠപ്പുര റോഡ്, കോയത്തടുക്കം–പുലിക്കടവ്–മാനടുക്കം റോഡ്, ബളാൽ–മരുതുംകുളം–ചുള്ളിയോടി റോഡ്, തോയമ്മൽ–കവ്വാച്ചിറ റോഡ്, കോളിച്ചാൽ–പ്രാന്തർകാവ്–പാറക്കടവ് റോഡ്, ബളാൽ–രാജപുരം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിനും ടോക്കൺ തുക അനുവദിച്ചിട്ടുണ്ട്.
കളക്ടർക്കും ബി.എൽ.ഒ മാർക്കും ആദരം
ദേശീയ സമ്മതിദായകദിനാചരണ ജില്ലാതല പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സാങ്കേതികവിദ്യയെ ഫലപ്രദമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന് രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ലയായി തിരഞ്ഞെടുത്ത കാസർകോടിനെ പ്രതിനിധീകരിച്ച് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ജില്ലാ കളക്ടർ കെ ഇമ്പ ശേഖറിനെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എസ് ഐ ആറുമായി ബന്ധപ്പെട്ട് വിവിധ ഇലക്ട്രറൽ റജിസ്ട്രേഷൻ ഓഫീസർമാരെ സഹായിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ മൊമെന്റോ നൽകി ആദരിച്ചു. മഞ്ചേശ്വരം ഇലക്ട്റൽ രജിസ്ട്രേഷൻ ഓഫീസ് വി പി രഘു മണി, കാസർകോട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ബിനു ജോസഫ് ഉദുമ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം റമീസ് രാജ കാഞ്ഞങ്ങാട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കെ ബാലഗോപാലൻ തൃക്കരിപ്പൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കെ അജേഷ്,എൻഡോസൾഫാൻ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ് മഞ്ചേശ്വരം അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പി സജിത്ത് കാസർകോട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കെ രമേശൻ, ഉദുമ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എ സുരേഷ് കുമാർ, കാഞ്ഞങ്ങാട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പി വി മുരളി,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവരാണ് കളക്ടറിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങിയത്.
- Log in to post comments