Skip to main content

ഹരിതകേരളം മിഷന്‍ ജനകീയ വൃക്ഷവത്കരണ പദ്ധതി: ജില്ലാതല ഉദ്ഘാടനം ഇന്ന് (വെള്ളിയാഴ്ച)

കോട്ടയം: ജില്ലയിലെ പ്രകൃതിയെ ഹരിതാഭമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിപുലമായ ക്യാമ്പയിന് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കമിടുന്നു. അഹിംസയെ പ്രകൃതിസ്‌നേഹവുമായി ബന്ധിപ്പിച്ചുകൊണ്ട് 'ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം' എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ജനകീയ വൃക്ഷവത്ക്കരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

വെള്ളിയാഴ്ച(ജനുവരി 30) രാവിലെ 9.30ന് കോട്ടയം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം അഡ്വ.റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജോഫി മരിയ ജോണ്‍ 'ഹരിത പ്രതിജ്ഞ' ചൊല്ലിക്കൊടുക്കും.

ഹരിതകേരളം മിഷനും സാമൂഹിക വനവത്ക്കരണ വകുപ്പും ചേര്‍ന്ന് പനയ്ക്കച്ചിറ, പെരുന്ന നഴ്‌സറികളിലായി 1.5 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ വഴി വീടുകളില്‍ എത്തിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്യും. വെള്ളിയാഴ്ച സ്‌കൂളുകളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ കുട്ടികള്‍ക്ക് തൈകള്‍ കൈമാറും.

date