സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ
സംസ്ഥാന കായിക യുവജനകാര്യാലയത്തിന്റെയും, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെയും കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന സ്പോർട്സ് സ്കൂളുകൾ, ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്‌കൂൾ സ്പോർട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വർഷത്തെ അഡ്മിഷനുളള പ്രാഥമിക സെലക്ഷൻ ഫെബ്രുവരി 1 മുതൽ 8 വരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത സെന്ററുകളിൽ നടക്കും.
6, 7, 8, 11 ക്ലാസ്സുകളിലേക്ക് പൊതുവായ സെലക്ഷനും, 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയ്ക്കായി സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കും സെലക്ഷൻ നടത്തും. 7 മുതൽ 11 വരെ ക്ലാസ്സുകളിലേക്ക് അത്ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ് (പെൺകുട്ടികൾ), ഫെൻസിംഗ്, ഫുട്ബോൾ, ഹാന്റ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോൾ, സ്വിമ്മിംഗ്, തയ്ക്വാൺഡോ, വോളിബോൾ, റെസലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ ഇനങ്ങളിലേക്ക് കായിക ക്ഷമതയുടെയും, അതത് കായിക ഇനത്തിലുളള മികവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ നടത്തുന്നത്. 6-ാം ക്ലാസ്സിലേക്ക് കായിക ക്ഷമതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
2026 ഫെബ്രുവരി 1 ന് തൃശൂർ, ആലപ്പുഴ ഫെബ്രുവരി 2 ന്എറണാകുളം, പാലക്കാട്, ഫെബ്രുവരി 3 ന് പാല (കോട്ടയം), മലപ്പുറം ഫെബ്രുവരി 4 ന് കോഴിക്കോട്, ഫെബ്രുവരി 5 ന് നെടുങ്കണ്ടം (ഇടുക്കി), ഫെബ്രുവരി 6 ന് കൽപ്പറ്റ (വയനാട്), പത്തനംതിട്ട, ഫെബ്രുവരി 7 ന് കൊല്ലം, തലശ്ശേരി (കണ്ണൂർ) ഫെബ്രുവരി 8 ന് ജി.വി രാജ സ്പോർട്സ് സ്‌കൂൾ, മൈലം (തിരുവനന്തപുരം), നീലേശ്വരം (കാസറഗോഡ്) എന്നിവിടങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.
സെലക്ഷനിൽ പങ്കെടുക്കുവാൻ താല്പര്യമുളള കുട്ടികൾ www.sportscouncil.kerala.gov.in, www.dsya.keral.gov.in വെബ്‌സൈറ്റുകളിൽ രജിസ്‌റ്റർ ചെയ്യണം. പ്രാഥമിക സെലക്ഷൻ ലഭിക്കുന്ന കായികതാരങ്ങൾ ഏപ്രിലിൽ നടക്കുന്ന ഒരാഴ്ചത്തെ ഫൈനൽ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കണം. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ ക്രമമനുസരിച്ച് കായികതാരങ്ങൾക്ക് പരിശീലന കേന്ദ്രം തെരഞ്ഞെടുക്കാം. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 8.30 ന് ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് എന്നിവ സഹിതം സെലക്ഷൻ സെന്ററിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0472- 289100, 0472 289220, 0471 2330167 .
പി.എൻ.എക്സ്. 427/2026
- Log in to post comments