Skip to main content
..

കൊട്ടാരക്കര നഴ്‌സിംഗ് കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കും:  മന്ത്രി കെ.എന്‍ ബാലഗോപാല്‍

  കൊട്ടാരക്കര ഇ ടി സിയിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സി പാസ് നഴ്‌സിംഗ് കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ലാമ്പ്  ലൈറ്റിങ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് കോളജിന് കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ പണം അനുവദിച്ചിരുന്നു. ഇ ടി സിയിലെ മൂന്നര ഏക്കറില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞാല്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും.
കേരളത്തിന്റെ എല്ലാ മേഖലകള്‍ക്കും ഗുണകരമാകുന്ന ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റോഡപകടത്തില്‍പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസങ്ങള്‍ സൗജന്യചികിത്സ നല്‍കുന്നതിലൂടെ അപകടമരണങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വയോജനങ്ങളില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസും അതിനുമുകളിലുള്ളവര്‍ക്കുമായി ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ 50 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി ആയിരം കോടി രൂപയാണ്  നീക്കിവെച്ചിട്ടുള്ളത്. ജനങ്ങളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ ആര്‍. എസ്. സപ്തമി അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിനല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് കെ വി സുജമോള്‍, വൈസ് പ്രിന്‍സിപ്പല്‍ കെ ജിനുജോണ്‍, സിപാസ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
 
 

date