ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: ജില്ലാതല മത്സരങ്ങൾ പൂർത്തിയായി
സ്‌കൂൾ-കോളേജ് തലങ്ങളിൽ 6 ടീമുകൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി
കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ജില്ലാതല മത്സരങ്ങൾ പൂർത്തിയായി. സ്‌കൂള്‍ വിഭാഗത്തിൽ പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൂര്യദേവ്, ബി ഹിരൺ ടീം വിജയികളായി. കൂത്താളി വി എച്ച് എസ് സ്കൂളിലെ ഗൗതം എസ് നാരായൻ, കെ എം നവനീത് ടീം രണ്ടാം സ്ഥാനവും ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ശരണ്യ സായ്, കെ ടി കെ അനസൂജ് എന്നിവർ മൂന്നാം സ്ഥാനവും നേടി. മൂന്നു ടീമുകളും ഫെബ്രുവരി 18ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
കോളേജ്തല മത്സരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജിലെ ജി കെ യദുനന്ദ്, സി ടി വിസ്മയ ടീം വിജയികളായി. കോഴിക്കോട് ഗവ. ലോ കോളജിലെ ആർ നാൻസി, വി സാദിഖ് അലി ടീം രണ്ടും ഫാറൂഖ് കോളേജിലെ പി അർജുൻ, സി ടി സഫ മിർഷ ടീം മൂന്നും സ്ഥാനം നേടി.
മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന മത്സരത്തില്‍ സ്കൂൾ വിഭാഗത്തിൽ 28 ടീമുകളും കോളേജ് വിഭാഗത്തിൽ 68 ടീമുകളുമാണ് പങ്കെടുത്തത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് വിതരണം ചെയ്തു. ജില്ലാ ഇഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, മീഞ്ചന്ത ഗവ. ആർട്‌സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി പ്രിയ, അസി. നോഡൽ ഓഫീസർ ഡോ. കെ. പി. ഷബീർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ വി രമ്യ കൃഷ്ണൻ, ഐ.പി.ആർ.ഡി അസി. എഡിറ്റർ സൗമ്യ ചന്ദ്രൻ, അസി. ഇൻഫർമേഷൻ ഓഫീസർ എ പി നൗഷാദ് എന്നിവർ പങ്കെടുത്തു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
- Log in to post comments