ചരിത്രവും ഭാവിയും കോർത്തിണക്കിയ വിജ്ഞാനപ്പോരാട്ടമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം
കോളേജ് വിഭാഗത്തിൽ വിജയികളായി നിതിയയും അനുരാഗും
ചരിത്രവും ശാസ്ത്രവും വർത്തമാനകാല സംഭവങ്ങളും തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടന്നു. ജില്ലാതല കോളേജ് വിഭാഗം മത്സരത്തിൽ ആലുവ യു.സി. കോളേജിലെ നിതിയാ പൗലോസ്, വി.എച്ച്. അനുരാഗ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 145 പോയിൻ്റാണ് ടീം കരസ്ഥമാക്കിയത്.
130 പോയിന്റോടെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എസ്. അബിനാ ശങ്കർ, ബിച്ചു സി. അബ്രഹാം എന്നിവർ രണ്ടാം സ്ഥാനവും, 85 പോയിന്റ് നേടി കളമശ്ശേരി നുവാൽസിലെ എച്ച്. അവനീത്, ഓസ്റ്റിൻ ലാസർ എന്നിവർ മൂന്നാം സ്ഥാനവും നേടി.
ആകെ 190 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 6 ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. ആറ് റൗണ്ടുകളിലായി 36 ചോദ്യങ്ങളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.
വെറുമൊരു ചോദ്യോത്തര വേള എന്നതിലുപരി, വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഈ മത്സരം. 22 പ്രവർത്തനക്ഷമമായ പ്ലാറ്റ്ഫോമുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ , ചൂടുവെള്ളം തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ഐസ് ആകുന്ന പ്രതിഭാസം, കേരളം ഒന്നാമതെത്തിയ സുസ്ഥിരവികസന സൂചിക, കുമാരനാശാൻ ബോട്ട് അപകടം, റോബോട്ടിക് പാർക്ക്, കെ-സ്മാർട്ട് പദ്ധതി തുടങ്ങിയ ചോദ്യങ്ങൾ മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കുന്നവയായിരുന്നു.
ദൃശ്യവിസ്മയങ്ങൾക്കും ക്വിസിൽ പ്രാധാന്യം നൽകിയിരുന്നു. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ, ചരിത്ര സംഭവങ്ങൾ, ലോഗോകൾ, സിനിമ വിഷ്വലുകൾ കാണിച്ച് വ്യക്തികളെയും ബന്ധങ്ങളെയും തിരിച്ചറിയാനുള്ള ചോദ്യങ്ങൾ എന്നിവ സദസ്സിനും പുതുമ നൽകി.
മത്സരത്തിൽ കാണികൾക്കും ഉത്തരം പറയാൻ അവസരമുണ്ടായിരുന്നു. ശരിയുത്തരം നൽകിയ കാണികൾക്ക് ഉടനടി സമ്മാനങ്ങളും വിതരണം ചെയ്തു.
തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെ എം വിഷ്ണു നമ്പൂതിരി. ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് മധുപാൽ എന്നിവർ ക്വിസിന് നേതൃത്വം നൽകി.
- Log in to post comments