Skip to main content

തൊഴിലാളികളുടെ അവകാശങ്ങൾ നടപ്പാക്കുന്നതിൽ കേരളം മാതൃക: മന്ത്രി വി ശിവൻകുട്ടി

തൊഴിലാളികളുടെ അവകാശങ്ങൾ നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ മാനിക്കാത്ത സാഹചര്യങ്ങൾ നിലവിലുണ്ട്. എന്നാൽ തൊഴിലാളികളെ ചേർത്തുപിടിക്കുന്ന ബദൽ നയമാണ് കേരളം സ്വീകരിക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിലുള്ള ചിയാകിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന 'രക്ഷാകവചംഅപകട മരണ ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായാണ് 'രക്ഷാകവചംഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡൻറ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലിടങ്ങളിലോ അല്ലാതെയോ ഉണ്ടാകുന്ന ആകസ്മികമായ അപകട മരണങ്ങളിൽമരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ലഭിക്കും. വർക്ക് മെൻസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണിത് ലഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാർഅവരുടെ ജീവിതത്തിന് ഒരു 'കവചംതീർക്കുകയാണ് 'രക്ഷാകവചംപദ്ധതിയിലൂടെ ചെയ്യുന്നത്. തൊഴിൽ വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെ ചിയാക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പലപ്പോഴും സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളി അപകടത്തിൽപ്പെടുമ്പോൾ ആ കുടുംബം ആകെ തകർന്നുപോകുന്ന കാഴ്ച നാം കാണാറുണ്ട്. കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും അവർ തള്ളപ്പെടും. അത്തരം സന്ദർഭങ്ങളിൽ ആ കുടുംബത്തിന് സധൈര്യം മുന്നോട്ട് പോകാൻ ഈ 5 ലക്ഷം രൂപ  വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

വെറും 150 രൂപയാണ് വാർഷിക വിഹിതം. 25 ലക്ഷത്തോളം തൊഴിലാളികൾക്ക് ഈ സുരക്ഷാ വലയം ലഭ്യമാക്കും. മരണം സംഭവിച്ചാൽ മരണ സർട്ടിഫിക്കറ്റ്എഫ്.ഐ.ആർഅനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക് ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ സഹായം ലഭ്യമാകും. 2025-26 സംസ്ഥാന ബജറ്റിൽ 30 ലക്ഷം രൂപ ഇതിനായി സർക്കാർ വകയിരുത്തിയിട്ടുണ്ട്. എല്ലാ തൊഴിലുടമകളും തങ്ങളുടെ തൊഴിലാളികളെ ഈ പദ്ധതിയിൽ ചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ ഒരു തൊഴിൽ വകുപ്പ് കേരളത്തിലുണ്ട്. ടെക്‌സ്‌റ്റൈൽ ഷോപ്പുകളിലടക്കം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കിയത് സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെ ഉദാഹരണമാണ്. കേരളത്തിൽ തൊഴിലാളികൾക്ക് അന്തസ്സും അവകാശങ്ങളും ഉറപ്പാക്കാൻ സാധിക്കുന്നത് തൊഴിൽ വകുപ്പിന്റെയും ശക്തമായ തൊഴിലാളി യൂണിയനുകളുടെയും പ്രവർത്തന ഫലമായാണ്. തൊഴിലാളികൾ നാടിന്റെ നട്ടെല്ലാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രക്ഷാകവചം പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഫോർട്ട് മാനർ ഹോട്ടലിലെ ജീവനക്കാരി അർച്ചന ജയകുമാറിന് രക്ഷാകവചം പദ്ധതിയുടെ ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മന്ത്രി കൈമാറി.

തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ധീൻചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ശ്രീലാൽകൗൺസിലർ ആർ ഹരികുമാർചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 606/2026

date