പഴയങ്ങാടി ഫ്ലോട്ടിംഗ് റസ്റ്റോറന്റ് - ബോട്ട് റെയ്സ് ഗ്യാലറി ഉദ്ഘാടനം ചെയ്തു
പഴയങ്ങാടിയിൽ നിർമ്മിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റിന്റെയും ബോട്ട് റെയ്സ് ഗ്യാലറിയുടെയും ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിച്ചു.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി അധ്യക്ഷയായി.
പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്ത് കരയിൽ നിന്നും ഒൻപത് മീറ്റർ അകലത്തിൽ പഴയങ്ങാടി - കുപ്പം പുഴയുടെ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന
ഫ്ലോട്ടിംഗ് റസ്റ്റോറൻ്റ് -ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീർണമുണ്ട്.
1600 ചതുരശ്ര അടി പൂർണ്ണമായും ഭക്ഷണശാലക്കായി വിനിയോഗിച്ചിട്ടുണ്ട്. ഇതിനായി 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ബോട്ട് റെയ്സ് ഗ്യാലറി നിർമ്മിച്ചിരിക്കുന്നത്. 65 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയിലും പണിത ഗ്യാലറിയിൽ 500 പേർക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളിൽ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും. പദ്ധതിക്ക് 2.87 കോടി രൂപയാണ് അനുവദിച്ചത്.
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് ഇരു പ്രവൃത്തികളുടെയും നിർവഹണ ഏജൻസി.
ബോട്ടിംഗ് റെയ്സ് ഗാലറിയിലും ഫ്ലോട്ടിംഗ് റസ്റ്റോറൻ്റിലും ഇരുന്ന് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതോടൊപ്പം ടൂറിസം വികസനത്തിൻ്റെ പുതിയ സാധ്യതകൾ തുറക്കുന്നതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാരം കേന്ദ്രമായി പഴയങ്ങാടി മാറും. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഫ്ലോട്ടിംഗ് റസ്റ്റോറന്റും ബോട്ട് റെയ്സ് ഗ്യാലറിയും യാഥാർത്ഥ്യമാക്കിയത്.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എൻ ഗീത, ജില്ലാ പഞ്ചായത്ത് അംഗം എസ് കെ പി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി മോഹനൻ, ലേഖ ലിനീഷ്, ശ്രീകല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. വി പ്രഭാത്, ഓഷധി ബോർഡ് അംഗം കെ പത്മനാഭൻ, എംകെ സുകുമാരൻ, എം പി ഉണ്ണികൃഷ്ണൻ, എസ് യു റഫീഖ്, എ.വി സനൽ ടി രാജൻ, സന്തോഷ് സിബികെ, ടൂറിസം അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ശ്രീനിവാസൻ കെ സി എന്നിവർ സംസാരിച്ചു.
- Log in to post comments