സീപോർട്ട്– എയർപോർട്ട് റോഡ്: എച്ച്എംടി - എൻഎഡി ഭാഗത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കുന്നു
കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്– എയർപോർട്ട് റോഡിൻ്റെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എച്ച് എം ടി - എൻ എ ഡി ഭാഗത്ത് റോഡിൻ്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിൻ്റെ ടെണ്ടർ നടപടികൾ മാർച്ച് 1 ന് പൂർത്തിയാക്കി നിർമ്മാണമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇത് പൂർത്തിയാകുമ്പോൾ എച്ച് എം ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021 ൽ നിർമ്മിച്ചിരുന്ന 1.9 കിമീ റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും.
കാൽ നൂറ്റാണ്ട് പിന്നിട്ട നാട്ടുകാരുടെ ആവശ്യമാണ് സാക്ഷാൽക്കാരത്തോടടുക്കുന്നത്.
എച്ച്.എം.ടി.യുടേയും എൻ.എ. ഡി ടേയും ഭൂമി റോഡ് നിർമ്മാണത്തിന് വിട്ടുനൽകാൻ യഥാസമയം കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് പി.രാജീവ് പറഞ്ഞു. 2004 മുതൽ 2014 വരെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആൻ്റണി എൻ എ ഡി ഭൂമി വിട്ടു നൽകിയില്ല. 2009 മുതൽ 2014 വരെ കേന്ദ്ര ഗവൺമെൻ്റിൽ കേരളത്തിൽ നിന്നും 8 മന്ത്രിമാർ ഉണ്ടായിരുന്നു. 2011 മുതൽ 16 വരെ കളമശേരി എം എൽ എ ആയിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി. എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേന്ദ്രത്തിൻ്റേതല്ലാത്ത സ്ഥലത്ത് നിർമ്മാണം ആരംഭിച്ചു . 2021ലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പണം ഹൈക്കോടതിയിൽ കെട്ടിവെച്ച് എച്ച്.എം.ടി ഭൂമി ലഭ്യമാക്കിയത്. പ്രതിരോധ വകുപ്പും എൻ എ ഡി യും ദക്ഷിണ നാവിക കമാണ്ടുമായും തുടർച്ചയായി നടത്തിയ ഇടപെടലിൻ്റെ ഭാഗമായി പണം നൽകി എൻ.എ.ഡി സ്ഥലവും സർക്കാർ ഏറ്റെടുത്തു. കേന്ദ്രം ഭരിച്ച യു ഡി എഫ് മന്ത്രിമാരും അന്നത്തെ യു.ഡി എഫ് സർക്കാരും ശ്രമിച്ചിരുന്നുവെങ്കിൽ പൊതു ആവശ്യത്തിനായി സൗജന്യമായി ലഭിക്കുമായിരുന്ന ഭൂമിക്ക് ഭീമമായ നഷ്ടപരിഹാരമാണ് ഇപ്പോൾ നൽകേണ്ടി വന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
എൻ എ ഡിയുടെ 2.4967 ഹെക്ടർ ഭൂമി 23.11 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഇതു കൂടാതെ ഭൂമി ലഭ്യമാക്കുന്നതിനുള്ള കരാർ പ്രകാരം എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിന് 17.31 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. എച്ച് എം ടി ഭൂമിക്കായി സുപ്രീംകോടതി നിർദേശമനുസരിച്ച് 37.90 കോടി രൂപ സംസ്ഥാന സർക്കാർ ബാങ്കിൽ നിക്ഷേപിച്ചു. ഇതോടെ എൻ എ ഡിയുടെയും എച്ച് എം ടിയുടെയും ഭൂമി, നിർമാണച്ചുമതലയുള്ള ആർ ബി ഡി സി കെയ്ക്ക് കൈമാറി. സീപോർട്ട് - എയർപോർട്ട് റോഡ് ഇരുമ്പനം മുതൽ എച്ച് എം ടി റോഡ് വരെയുള്ള 11.3 കിമീ ആദ്യഘട്ടം 2003 ലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടമായ എച്ച്എംടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കിലൊമീറ്ററിൽ ഉൾപ്പെടുന്നതാണ് എച്ച്എംടി - എൻഎഡി ഭാഗം.
എച്ച്.എം.ടി - എൻ. എ.ഡി ഭാഗത്തെ പ്രധാന റോഡ് നിർമ്മാണത്തിനായി 21.40 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭാഗത്തിൻ്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. എച്ച് എം.ടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുക. എൻ.എ.ഡിയുടെ ഭാഗത്തെ സ്കെച്ച് നേരത്തെ തയ്യാറാക്കിയതിനാൽ തുടർ നടപടികൾക്ക് കാലതാമസമുണ്ടാവില്ല.
എൻ.എ.ഡി-മഹിളാലയം റീച്ചിൻ്റെ 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഭാഗത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു.
ഇരുമ്പനം മുതൽ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതുമായ പാതയാണ്.
- Log in to post comments