ശാസ്ത്രീയ ഇടപെടലുകളുടെ പുതിയ അധ്യായമാണ് അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്റർ: മന്ത്രി സജി ചെറിയാൻ
തേവര അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ അക്വാകൾച്ചർ മേഖലയിൽ ശാസ്ത്രീയ ഇടപെടലുകളുടെ പുതിയൊരു അധ്യായത്തിനാണ് തേവര അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്ററിലൂടെ തുടക്കമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്വാകൾച്ചർ മേഖലയിൽ ജലഗുണനിലവാരവും മത്സ്യരോഗങ്ങളും മുൻകൂട്ടി തിരിച്ചറിയാനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി സജ്ജമാക്കിയ തേവര അക്വാട്ടിക് ആനിമൽ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെമ്മീൻ കൃഷിയിലും, കൊച്ചിയിലെ കായൽ പ്രദേശങ്ങളിൽ ഉണ്ടാകുന്ന മത്സ്യ രോഗങ്ങളും വിഷാംശങ്ങളും കണ്ടെത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സെൻ്റെറിൽ ഒരുക്കിയിട്ടുണ്ട്. വാണിജ്യ ചെമ്മീൻകൃഷിയെ തകർക്കുന്ന വൈറ്റ് സ്പോട്ട് സിൻഡ്രോം പോലുള്ള വൈറസ് രോഗങ്ങൾ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ബയോകെമിസ്ട്രി, മൈക്രോബയോളജി, പി.സി.ആർ ലാബുകളിലായി സജ്ജീകരിച്ചിരിക്കുന്ന എൽ.സി.എം.എസ്, എച്ച്.പി.എൽ.സി,
ജി.സി.എം.എസ്, തെർമോസൈക്ലർ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ സഹായകമാകും.
ജലത്തിലെ വിഷാംശങ്ങൾ പരിശോധിക്കാനുള്ള വിപുലമായ സൗകര്യങ്ങളും വ്യവസായ മാലിന്യങ്ങൾ, രാസവസ്തുക്കളുടെ ചോർച്ച, ഓക്‌സിജൻ്റെ കുറവ് എന്നിവ വെള്ളം, മണ്ണ്, മത്സ്യ സാമ്പിളുകൾ എന്നിവ പരിശോധിച്ച് വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അമോണിയ, നൈട്രൈറ്റ്, നൈട്രേറ്റ് എന്നിവയ്ക്ക് പുറമെ കീടനാശിനികളുടെയും ആൻ്റിബയോട്ടിക്കുകളുടെയും സാന്നിധ്യവും കൃത്യമായി പരിശോധിക്കും.
മത്സ്യകർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലെ രോഗസാധ്യത നേരത്തെ തിരിച്ചറിയാൻ ലബോറട്ടറി വലിയ തുണയാകും. അന്താരാഷ്ട്ര നിലവാരമുള്ള മത്സ്യ-ചെമ്മീൻ ഉൽപ്പാദനം ഉറപ്പാക്കുന്നതിലൂടെ കയറ്റുമതി വർദ്ധിപ്പിക്കാനും കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും. രോഗരഹിത വിത്ത് വിതരണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജലഗുണനിലവാര നിരീക്ഷണം എന്നിവയിലൂടെ മേഖലയുടെ സ്ഥിരതയും ലാഭവും വർദ്ധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ്, ഏജൻസി ഫോർ ഡെവലപ്മെൻ്റ് ഓഫ് അക്വാകൾച്ചർ, കേരള മുഖേന ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് അഡാക്കിന്റെ റിസർവോയർ ഫിഷറീസ് യൂണിറ്റുകൾ, ഫാമുകൾ, ഹാച്ചറികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി മത്സ്യക്കുഞ്ഞുങ്ങളെയും മത്സ്യതീറ്റയും കൊണ്ടുപോകുന്നതിനായുള്ള മൂന്ന് പിക്ക്-അപ്പ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവ്വഹിച്ചു.
ടി ജെ വിനോദ് എംഎൽഎ, കൊച്ചി മേയർ വി.കെ. മിനിമോൾ, സി.ഐ.എഫ്.ടി ഡയറക്‌ടർ ഡോ. ജോർജ് നൈനാൻ, അഡാക് മാനേജിംഗ് ഡയറക്ടർ ബി ഇഗ്നേഷ്യസ് മൺഡ്രോ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ എസ് ഫ്രാൻസിസ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
- Log in to post comments