സംരംഭകത്വവും നൈപുണ്യ വികസനവും: കുസാറ്റിൽ ത്രിദിന പരിശീലന പരിപാടിക്ക് തുടക്കമായി
സംരംഭകത്വവും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ എൻ മിനി ശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 'സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നൊവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്സ്' ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഭക്ഷ്യ മേഖലയിലും അനുബന്ധ മേഖലകളിലും സംരംഭകത്വം മുഖേന തൊഴിൽ സാധ്യതകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സി-ഫിഷ് ഡയറക്ടർ ഡോ. ജിൻസൺ സംസാരിച്ചു. ചടങ്ങിൽ നബാർഡ് ജില്ലാ വികസന മാനേജർ അജീഷ് ബാലു, ജന ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ആന്റണി കെ.ഡി., പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി വിവിധ സാങ്കേതിക സെഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന പരിശീലന പരിപാടി ഫെബ്രുവരി 21-ന് സമാപിക്കും.
- Log in to post comments