വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു
തുണയായത് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി
വീട്ടിലെ പിണക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ ജില്ലയിലെ കൊണ്ട്വ സ്വദേശിയായ കുട്ടിയെയാണ് എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്കിന്റെയും ഇടപെടലിലൂടെ പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചത്.
ഫെബ്രുവരി 15ന് പൂനെയിലെ വീട്ടിൽ നിന്നിറങ്ങിയ ബാലൻ പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലാണ് കേരളത്തിലെത്തിയത്.
ഫെബ്രുവരി 16ന് രാത്രി പത്തോടെയാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുന്നത്. പ്ലാറ്റ്‌ഫോമിൽ ഒറ്റപ്പെട്ട നിലയിൽ അലഞ്ഞുതിരിയുകയായിരുന്നു ബാലൻ. ഉടൻതന്നെ എറണാകുളം സി.ഡബ്ല്യു.സി ചെയർപേഴ്സനെ വിവരമറിയിക്കുകയും കുട്ടിയെ സുരക്ഷിതമായി പള്ളുരുത്തി ബോസ്കോ നിലയം ഓപ്പൺ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
പൂനെ സ്വദേശിയാണെന്ന് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഡബ്ല്യു.സി പൂനെ കൊണ്ട്വ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കേസ് വിവരങ്ങൾ പൂനെയിലെ ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ സുകേഷിനിക്ക് കൈമാറി. സുകേഷിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്.
മാതാപിതാക്കളെ കണ്ടെത്തിയ ഉടൻതന്നെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള കുട്ടിയും പിതാവും കൊണ്ടുവ പോലീസും തമ്മിൽ സി.ഡബ്ല്യു.സി വീഡിയോ കോൺഫറൻസ് വഴി സംഭാഷണം നടത്തി. ഇതോടെയാണ് കുട്ടിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ ഉടൻതന്നെ കുട്ടിയുടെ പിതാവ് പൂനെയിൽ നിന്നും എറണാകുളത്തെത്തി. ആവശ്യമായ കൗൺസലിംഗിനും
നിയമനടപടികളും പൂർത്തിയാക്കി വ്യാഴാഴ്ച (ഫെബ്രുവരി 19) കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.
എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം., സന്ധ്യ വി.കെ., ജിൻസി മോൾ കുര്യൻ എന്നിവർ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
- Log in to post comments