Skip to main content

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാം; ജാഗ്രത പാലിക്കണം

ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

മുങ്ങിമരണങ്ങളുടെ പൊതുവായ കാരണങ്ങള്‍

1.⁠ ⁠നീന്തലറിയുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ ജലാശയത്തില്‍ ഇറങ്ങുന്നത്.
2.⁠ ⁠നീന്തലറിയാതെയോ അല്‍പം നീന്തല്‍ പഠിച്ചോ പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത്.
3.⁠ ⁠ലഹരിയുടെ സ്വാധീനമുള്ളപ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത്.
4.⁠ ⁠കുളങ്ങള്‍, വീടിനു സമീപമുള്ള ജലാശയങ്ങള്‍ എന്നിവയില്‍ കൈവരികള്‍ ഇല്ലാത്തതുമൂലം കുട്ടികള്‍ വീണുപോകുന്നത്.
5.⁠ ⁠ആഴമുള്ള ഭാഗത്ത് മുങ്ങാംകുഴി ഇടുക, വെള്ളത്തില്‍ ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ള മേഖലകളില്‍ നീന്താന്‍ ശ്രമിക്കുക തുടങ്ങിയ സാഹസിക അഭ്യാസങ്ങള്‍ കാണിക്കുന്നത്.
6.⁠ ⁠സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നത്.  
7.⁠ ⁠അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍

1.⁠ ⁠അവധിക്കാലത്ത് ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുമ്പോഴും ടൂര്‍ പോകുമ്പോഴും നീന്തല്‍ വശമുണ്ടെങ്കില്‍പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക, ഇറങ്ങുകയാണെങ്കില്‍ നന്നായി നീന്തല്‍ അറിയാവുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം ഇറങ്ങുക.
2.⁠ ⁠കുട്ടികള്‍ കൂട്ടമായി നീന്താന്‍ പോകുമ്പോഴും ജലാശയങ്ങള്‍ക്ക് സമീപം കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ആവശ്യംവേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ആരെങ്കിലും അബദ്ധത്തില്‍ വെള്ളത്തില്‍ അകപ്പെട്ടാല്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ കയറോ തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുക.
3.⁠ ⁠ജലാശയങ്ങളില്‍ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കുക.
4.⁠ ⁠സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ബഹുഭാഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
5.⁠ ⁠ആളുകള്‍ ധാരാളമായി എത്തുന്ന ജലാശയവിനോദകേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാര്‍ സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാര്‍ എന്നിവരുടെ സേവനം അധികൃതര്‍ ഉറപ്പുവരുത്തുക.
6.⁠ ⁠കുളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ തുടങ്ങിയവ കൈവരികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കുക.
7.⁠ ⁠നീന്തല്‍ പഠനം സാര്‍വത്രികമാക്കുക.
 

date