Skip to main content

കാർഷിക-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ  വികസനം ലക്ഷ്യമിട്ട് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് ബജറ്റ് അവതരിപ്പിച്ചു. 

 177,88,20,344/- പ്രതീക്ഷിത വരവും പദ്ധതി-പദ്ധതി ഇതര ഇനങ്ങളിൽ ആകെ 163,13,02,500/- പ്രതീക്ഷിത ചെലവും 14,75,17,844/-നീക്കി ബാക്കിയും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 

ജില്ലയിലെ അയ്യായിരത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകാൻ  ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യുന്ന ജോബ് പോർട്ടലിനായി 10 ലക്ഷം രൂപയും വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഷീ ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തി. കുടുംബശ്രീയുമായി സഹകരിച്ച് പച്ചക്കറികൾ, മില്ലറ്റുകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ വിപണനം ചെയ്യുന്നതിന് സൂപ്പർ മാർക്കറ്റുകളുടെ രൂപത്തിൽ ആരംഭിക്കുന്ന മഹിളാ ബസാറിനായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 

കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  ജില്ലയിലെ കൃഷി ഫാമുകളുടെ നവീകരണത്തിലൂടെ ഫാം ടൂറിസം, അക്വാ ടൂറിസം, വയലോര ടൂറിസം എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ബജറ്റ് ലക്ഷ്യം വെക്കുന്നു. തരിശുനിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുവാനും നിലവിലെ കൃഷിയിടങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിനും, പാടശേഖരങ്ങളിലേക്കുള്ള വഴികളും നീർച്ചാലുകളും വൃത്തിയാക്കുക നീരൊഴുക്ക് സുഗമാക്കുന്നതിനുള്ള ബണ്ടുകൾ ബലപ്പെടുത്തുക എന്നീ പ്രവൃത്തികൾക്കുമായി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തരിശു പച്ചക്കറി കൃഷിക്കും  സ്ഥിരം പച്ചക്കറി കൃഷിക്കും വാഴ കൃഷിക്കുമായി 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. കാർഷിക വിപണന കേന്ദ്രങ്ങളുടെയും കാർഷിക സൊസൈറ്റികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ വകയിരുത്തി. 

കാർഷിക ഗവേഷണത്തിനും കാർഷികമേളകൾ സംഘടിപ്പിക്കുന്നതിനുമായി 20 ലക്ഷം രൂപ നീക്കിവെച്ചു. 

ക്ഷീരകർഷകരുടെ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചു. 'ഒരു നെല്ലും മീനും' മിശ്ര കൃഷിക്കായി 10 ലക്ഷം രൂപയും പടുതാക്കുളം പദ്ധതിക്കായി 15 ലക്ഷം രൂപയും വകയിരുത്തി. ഫിഷ് ലാൻഡിങ് സെൻ്ററുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അക്വാ ടൂറിസം  പ്രോത്സാഹിപ്പിക്കാൻ 50 ലക്ഷം രൂപയും ഫാമുകളുടെ നവീകരണത്തിനും അനുബന്ധ സൗകര്യ വികസനത്തിനുമായി അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഫാം ഫെസ്റ്റിവൽ നടത്തുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തി. ആലുവയിലെ പൈതൃക കെട്ടിടത്തെ കാർഷിക മ്യൂസിയം ആക്കുവാനുള്ള പദ്ധതിക്ക് 25 ലക്ഷം രൂപ നീക്കിവെച്ചു.  

15.60 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി നീക്കി വെച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകൾക്കായി 3 കോടി രൂപ വകയിരുത്തി. ഹൈടെക് സ്കൂൾ പദ്ധതിക്കും, സയൻസ് ലാബുകൾക്കുമായി രണ്ടു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. അതിഥി തൊഴിലാളി കുടുംബങ്ങൾക്കുള്ള മലയാള പഠന പദ്ധതിയായ 'മധുരം മലയാളം' പദ്ധതിക്കായി 25 ലക്ഷം രൂപ അനുവദിച്ചു. വിജ്ഞാന വിസ്മയം സാക്ഷരതാ സംഗമത്തിനായി 5 ലക്ഷം രൂപയും വകയിരുത്തി. 

ആരോഗ്യ മേഖലയിലെ വിപുലമായ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 16 കോടി രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കേരളത്തിന്റെ മാതൃകാപരമായ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ, ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാവുന്ന വിവിധ പദ്ധതികൾക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

 ജില്ലയിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി 11 കോടി രൂപ വകയിരുത്തി. നിലവിലെ ആസ്തികളുടെ സംരക്ഷണത്തിനും പുതിയവ നിർമ്മിക്കുന്നതിനുമായി 29 കോടി രൂപയും അനുവദിച്ചു.

പട്ടിക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി 13 കോടി രൂപ നീക്കിവെച്ചു. ഈ വിഭാഗത്തിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി സങ്കേതങ്ങൾക്കായി പത്തു കോടി രൂപയും ഉൾപ്പടുത്തി. 

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും ഗ്രൗണ്ടുകളുടെ നവീകരണത്തിന് ഒരു കോടിയും, ക്ലീൻ എറണാകുളം പദ്ധതിക്കായി 6 കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീൻ സംവിധാനം നടപ്പിലാക്കും. ട്രാൻസ്ജെൻഡേഴ്സ് ക്ഷേമ പ്രവർത്തനങ്ങൾ, ലിവർ ട്രാൻസ്പ്ലാന്റേഷൻ രോഗികൾക്കുള്ള സഹായം, ഓപ്പൺ ജിം, ലൈബ്രറികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ ഈ വർഷവും തുടരും. ഭിന്നശേഷിക്കാർക്കായി സ്കോളർഷിപ്പ്, വാഹന വിതരണം എന്നീ പദ്ധതികളും ബജറ്റിലുണ്ട്. ഊർജ്ജ സംരക്ഷണത്തിനായി സോളാർ സംവിധാനങ്ങൾ വ്യാപിപ്പിക്കും.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജോ പറമ്പി, പി.എ മുക്താർ , ശ്രീദേവി മധു, റസിയ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി. ഹനീഷ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.

date