Skip to main content

ജില്ലയിൽഎച്ച്.പി.വി വാക്‌സിന്‍ കാമ്പയിന് തുടക്കമായി

 

 

ഗര്‍ഭാശയ ഗള ക്യാന്‍സറിനെതിരെ രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

14 വയസുള്ള എല്ലാ പെൺകുട്ടികളും വാക്സിൻ എടുക്കണം. അതിന് അവരെ ബോധവൽക്കരിക്കണം. ഇന്ന് ആരോഗ്യമേഖലയിൽ ഉണർവ് ഉണ്ടായിട്ടുണ്ട്. ആധുനിക സൗകര്യങ്ങളാണ് എല്ലാ ഇടത്തുമുള്ളതെന്നും മന്ത്രി പറഞ്ഞു.

 പരിപാടിയിൽ ഹെൽത്ത് സർവീസ് അഡീഷണൽ സെക്രട്ടറി ഷീബാ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. 

പരിപാടിയിൽ സേവനത്തിൽ നിന്നും വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസിനെ മന്ത്രി ആദരിച്ചു.

കാമ്പയിന്റെ ജില്ലാതല ഉദ്ഘാടന ദിനത്തിൽ 51 കുട്ടികൾക്ക് വാക്സിനേഷൻ നൽകുകയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഗര്‍ഭാശയ ഗള ക്യാന്‍സറിനെതിരായ വാക്‌സിന്‍ കൂടി ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ എച്ച്.പി.വി വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ആരംഭിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ മൂന്നുമാസത്തിനകം 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റഡോസ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചരിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വരുന്ന വര്‍ഷങ്ങളില്‍ 14 വയസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയ ഗള ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) ക്യാന്‍സറാണ് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ (സെര്‍വിക്കല്‍ ക്യാന്‍സര്‍). 99.7 ശതമാനം ഗര്‍ഭാശയഗള ക്യാന്‍സറുകളും ഹ്യൂമന്‍പാപ്പിലോമവൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, എച്ച്.പി.വിയുടെ തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയ ഗള ക്യാന്‍സറിലേക്ക് നയിച്ചേക്കാം. സമയബന്ധിതമായ എച്ച്.പി.വി വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിംഗും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. എച്ച്.പി.വി വാക്‌സിനേഷന്‍ ബുക്ക് ചെയ്യുന്നതിനായി U-WIN പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. https://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാണ്.

 

ഇടുക്കി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡി എം ഒ ഡോ. സുരേഷ് വർഗീസ് എസ്, ഡോ. ഖയസ് ഇ.കെ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നവാസ്, ജില്ലാ ആശുപത്രി ഗൈനക്ക് വിഭാഗം ഡോ. ലക്ഷ്മി സുബ്രഹ്മണ്യം, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് ജെ തോട്ടുപാട്ട്, എം സി എച്ച് ഓഫീസർ ഇൻ ചാർജ് പുഷ്പ കുമാരി, മാസ് മീഡിയാ ഓഫീസർ ഷൈലാഭായി വി.ആർ, വിവിധ ആരോഗ്യ പ്രവർത്തകർ, വകുപ്പ് ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.

 

ചിത്രം : എച്ച്.പി.വി വാക്‌സിന്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു.

 

ചിത്രം : വാക്സിനേഷൻ ലഭിച്ച കുട്ടിയ്ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സർട്ടിഫിക്കറ്റ് നൽകുന്നു 

ചിത്രം : കുട്ടിക്ക് വാക്സിനേഷൻ നൽകുന്നു.

date