വലിയ പ്രതീക്ഷകളോടെയാണ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്; അര്ജ്ജുന് പാണ്ഡ്യന്
വളരെ സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളോട് കൂടിയുമാണ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു. പ്രവര്‍ത്തനത്തിന് ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട്. ഇലക്ഷന് മികച്ച രീതിയില്‍ നടത്താനുള്ള പരിശ്രമം ആരംഭിക്കും. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജനങ്ങളെയും കേട്ടുകൊണ്ടും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുപോകുമെന്ന് കലക്ടര്‍ പറഞ്ഞു. തൃശ്ശൂരിലെ ജനങ്ങളുടെ സ്നേഹവും സഹകരണവും കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. തൃശ്ശൂരിലെ അനുഭവം കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.
വിവിധ തസ്തികകളിലായി എട്ടാമത്തെ ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ജില്ലയുടെ തനത് പദ്ധതികള്‍ തുടരുമെന്നും വിശദമായ പഠനത്തിനുശേഷം പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും എന്നും കളക്ടര്‍ പറഞ്ഞു. ഏതു ജില്ലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അത് സ്വന്തം ജില്ലയായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ എല്ലാവരുടേയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments