ഡി.എ, ഡി.ആർ കുടിശ്ശിക അനുവദിച്ചു: ഏപ്രിൽ മുതൽ വിതരണം ചെയ്യും
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശിക അനുവദിച്ച് ഉത്തരവായി. സർവീസ് പെൻഷൻകാരുടെ ഡി.ആർ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശ്ശിക ലഭിക്കും. ഇത് വരുന്ന സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട മുഴുവൻ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചു. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടർന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡി. എ, ഡി.ആറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
പി.എൻ.എക്‌സ്. 997/2026
- Log in to post comments