Skip to main content

സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: ഗൃഹസന്ദർശനം പൂർത്തിയാക്കി കണ്ണപുരം, കുഞ്ഞിമംഗലം, കടമ്പൂർ പഞ്ചായത്തുകൾ

 

നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലും ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ പഞ്ചായത്തിലും സമ്പൂർണ ഗൃഹസന്ദർശനം പൂർത്തിയാക്കി. 
കണ്ണപുരം പഞ്ചായത്തിലെ 6400 ഓളം വീടുകൾ അറുപതോളം കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തിലൂടെയാണ് പൂർത്തിയാക്കിയത്. പഞ്ചായത്ത് തല സമിതിയുടെ മേൽനോട്ടത്തിൽ വനിതകൾ, വയോജനങ്ങൾ, ഓട്ടോ, ടാക്‌സി തൊഴിലാളികൾ, വായനശാല പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, നെയ്ത്തുതൊഴിലാളികൾ എന്നിങ്ങനെ പത്തോളം കൂട്ടായ്മകളിൽനിന്ന് അഭിപ്രായ സ്വരൂപണം നടത്തി. പഞ്ചായത്ത് തല ചാർജ് ഓഫീസർ ലത കെ പി, അസംബ്ലി സമിതി അംഗം ദിവാകരൻ ടി കെ, പഞ്ചായത്ത് തല സമിതി അംഗങ്ങളായ എ  രാമചന്ദ്രൻ, സുരേഷ് ബാബു സി വി, രാജൻ, സത്യാനന്ദൻ സി വി എന്നിവർ നേതൃത്വം നൽകി. 
കുഞ്ഞിമംഗലം പഞ്ചായത്തിലെ 6700 ഓളം വീടുകളിൽ 64 കർമ്മ സേനാംഗങ്ങളാണ് ഗൃഹസന്ദർശനം പൂർത്തിയാക്കിയത്. തൊഴിലുറപ്പു തൊഴിലാളികൾ, വിദ്യാഭ്യാസ സമിതി അംഗങ്ങൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, വെങ്കല ശിൽപികൾ, ചുമട്ടു തൊഴിലാളികൾ, വായനശാല ലൈബ്രേറിയന്മാർ, ഖാദി തൊഴിലാളികൾ, സഹകരണ ബാങ്ക് ജീവനക്കാർ എന്നിങ്ങനെ വിവിധ പൊതു വിഭാഗങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് തല ചാർജ് ഓഫീസർ എം വി സുനിൽ കുമാർ, സമിതി അംഗങ്ങളായ പ്രസാദ് കെ, ടി വി വിജയൻ, എ ശ്രീധരൻ, വിനോദ് കുമാർ കെ വി എന്നിവർ നേതൃത്വം നൽകി. അസംബ്ലി തല ചാർജ് ഓഫീസർ ഡോ ഷഹിൻ മുഹമ്മദ് ടി കെ മേൽനോട്ടം വഹിച്ചു.
കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 6669 വീടുകളിൽ 32 കർമ്മ സേന അംഗങ്ങളാണ് ഭവന സന്ദർശനം പൂർത്തിയാക്കിയത്. കൂടാതെ പഞ്ചായത്ത് തല സമിതിയുടെ മേൽനോട്ടത്തിൽ വനിതകൾ, വയോജനങ്ങൾ, വായനശാല പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ,  കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മകൾ നടത്തി. പഞ്ചായത്ത് തല ചാർജ് ഓഫീസർ സജീന്ദ്രൻ, സമിതി അംഗങ്ങളായ പവിത്രൻ, പത്മനാഭൻ, അനൂപ്, ഹരീന്ദ്രൻ, അജേഷ് ആർ കെ എന്നിവർ നേതൃത്വം നൽകി. അസംബ്ലി തല ചാർജ്ജ് ഓഫീസർ സി. മഹേഷ് സി മേൽനോട്ടം വഹിച്ചു.
കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഭവന സന്ദർശന സമ്പൂർണ പ്രഖ്യാപനം മാർച്ച് അഞ്ചിന് രാവിലെ 9.15ന് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ ഗിരീശൻ അധ്യക്ഷനാവും. കർമസേനാംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും.

date