Skip to main content

തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ചതും നിർമ്മാണം ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഈ കാലഘട്ടത്തിൽ നടന്നിട്ടുള്ളതെന്നും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാൻ കഴിയുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ  ചരിത്രത്തിൽ ഏറ്റവുമധികം അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ സാധ്യമാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 10 വർഷങ്ങൾക്ക് മുൻപ് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സേവ്യർ ചിറ്റിലപ്പിള്ളി  എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .

22.53 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നാല് കോടി രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന വിവിധ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നടന്നത്. എം ആർ ഐ സ്‌കാൻ മെഷീൻ, സമഗ്ര സ്ട്രോക്ക് കെയർ യൂണിറ്റ്, കൃത്രിമ അവയവ നിർമ്മാണ കേന്ദ്രത്തിന്റെ ഒന്നാം നില, പാലിയേറ്റീവ് കെയർ യൂണിറ്റ്, സി എസ് ഡി ടി സെന്റർ, നിലവിലെ അഗ്നി സുരക്ഷാ സംവിധാനത്തിന്റെ നവീകരണം, പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിക്കൽ, ഗവ.നഴ്സിംഗ് കോളേജിൽ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന് സി സി ടി വി സംവിധാനം ഏർപ്പെടുത്തൽ, നവീകരിച്ച ബയോ കെമിസ്ട്രി ക്ലിനിക്കൽ പത്തോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം, ഏകീകൃത സെൻട്രൽ സ്റ്ററയിൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് നിർമ്മാണം,
വിദ്യാർത്ഥികൾക്കായി കോമൺ റൂം, മെൻസ് ഹോസ്റ്റൽ നവീകരണം, എക്സാം ഹാൾ നവീകരണം എന്നിവയുടെ നിർമ്മാണോദ്ഘാടനം എന്നിവയാണ് ചടങ്ങിൽ നടന്നത് .

തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി. എസ് ഇന്ദു സ്വാഗതവും ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക നന്ദിയും പറഞ്ഞു.
 

അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മിനി ഹരിദാസ്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അജയ്കു‌മാർ,അവണൂർ ഗ്രാമ പഞ്ചായത്തംഗം റിമ ബൈജു, തൃശൂർ ഗവ. ഡെൻ്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി. എം. ഷമീന, തൃശൂർ ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന എതങ്കരാജ്, തൃശൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. കെ. ബി. സനൽകുമാർ,  തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നോനം ചെല്ലപ്പൻ, ലെയ്‌സൺ ഓഫീസർ ഡോ. സി രവീന്ദ്രൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ അദില റഷീദ് തുടങ്ങിയവർ സംസാരിച്ചു.

date