Skip to main content

ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌ക്കാരം 2025 പദ്മഭൂഷൺ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത കലയുടെയും നൃത്ത സംസ്‌കൃതിയുടെയും വളർച്ചയ്ക്കും ഗതി മാറ്റങ്ങൾക്കും കാരണഭൂതരായ മുതിർന്ന പ്രതിഭകളെ ആദരിക്കാൻ കേരള സർക്കാർ സാംസ്‌ക്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യ പുരസ്‌ക്കാരം 2025ന് ഭരതനാട്യം നർത്തകദമ്പതിമാരായ പദ്മഭൂഷൺ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും അർഹരായി. സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഇന്ത്യൻ ക്ലാസ്സിക്കൽ-സർഗ്ഗാത്മക നൃത്തകലകളുടെ വികാസം, പ്രചാരം, പരിശീലനം, ആവിഷ്‌ക്കരണം എന്നീ മേഖലകളിൽ മൗലികമായ സമഗ്ര സംഭാവന നൽകിയ നൃത്ത പ്രതിഭകളെ ആദരിക്കാനാണ് ദേശീയ നാട്യ പുരസ്‌ക്കാരം പ്രധാനമായും നൽകുന്നത്.

പ്ലാനിംഗ് ബോർഡ് അംഗം ഡോ ജിജു പി അലക്‌സ് ആക്ടിങ് ചെയർമാനായി, നടനഗ്രാമം സെക്രട്ടറി ശബ്ന ശ്രീദേവി ശശിധരൻ, കലാമണ്ഡലം റെജിസ്ട്രർ ഡോ രാജേഷ് കുമാർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, ഹിസ്റ്റോറിയൻ ഡോ. വേലായുധൻ നായർ,  കുക്കു പരമേശ്വരൻ, സോനാ നായർ, കേരള യൂണിവേഴ്സിറ്റി പ്രതിനിധി ഡോ രാജ വാരിയർ തുടങ്ങി 9 അംഗങ്ങൾ അടങ്ങുന്ന ദേശീയ വിദഗ്ധ സമിതിയാണ് പ്രാരംഭഘട്ട വിലയിരുത്തലുകൾ നടത്തിയത്. ശേഷം കഥക് നർത്തകി പദ്മശ്രീ നളിനി ആസ്ഥാന ചെയർപേഴ്സണായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, നടനഗ്രാമം സെക്രട്ടറി ശ്രീമതി ശബ്‌ന ശശിധരൻ, മോഹിനിയാട്ടം നർത്തകി അശ്വതി നായർ എന്നിവരാണ് പുരസ്‌കാര നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

പി.എൻ.എക്‌സ്. 1098/2026

date