സപര്യ പുരസ്‌ക്കാരം 2025 കേരള നടനം കലാകാരി അംബിക മോഹന്
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം നൽകുന്ന സപര്യ പുരസ്‌ക്കാരം 2025ന് കേരള നടനം കലാകാരിയും അദ്ധ്യാപികയുമായ അംബിക മോഹൻ അർഹയായതായി സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരള നടനത്തിന്റെ തനതു ശൈലിക്ക് കോട്ടം തട്ടാതെ രംഗാവതരണത്തിൽ പൂർണ്ണമായ ശിക്ഷണത്തിന്റെ അടിത്തറ ഉറപ്പിച്ചുകൊണ്ട് പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ജനകീയ നൃത്തകലയോട് ആഭിമുഖ്യം വളർത്താൻ അംബിക മോഹൻ രൂപപ്പെടുത്തിയ രംഗശൈലി കേരള നടനത്തെ വർത്തമാനകാലത്തെ സാമൂഹ്യ വിഷയങ്ങൾ ഉൾക്കൊള്ളാൻ പാകത്തിൽ നവീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു.പി.അലക്‌സ് ചെയർമാനും നടനഗ്രാമം സെക്രട്ടറി ശബ്‌ന ശ്രീദേവി ശശിധരൻ മെമ്പർ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഗോബ്രഗഡെ, മോഹിനിയാട്ടം നർത്തകി അശ്വതി നായർ, ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം ക്യൂറേറ്റർ ഡോ. എം. വേലായുധൻ നായർ, കേരള യൂണിവേഴ്‌സിറ്റി പെർഫോർമിംഗ് ആർട്സ് വകുപ്പിലെ മുൻ ഡയറക്ടർ ഡോ. രാജാ വാര്യർ, കുക്കു പരമേശ്വരൻ, സോന നായർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിർണ്ണയിച്ചത്.
പി.എൻ.എക്‌സ്. 1099/2026
- Log in to post comments