Skip to main content

ഇരിങ്ങാലക്കുട മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ് ഉദ്ഘാടനം ഇന്ന് (മാർച്ച് 11)

 ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ്  ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന 'മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്' (MKCM) പ്രവർത്തനമാരംഭിക്കുന്നു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) 'സെന്റർ ഓഫ് എക്സലൻസ്' പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. കേന്ദ്രത്തിന്റെ ഉദ്ഘാടനവും “കേരളത്തിന്റെ സംഭാവനകൾ കാൽക്കുലസിൽ” (Kerala’s Contributions to Calculus) എന്ന വിഷയത്തിലുള്ള ഏകദിന സെമിനാറും  ഇന്ന് (മാർച്ച് 11) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുടയിൽ വെച്ച്  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ ഗണിതശാസ്ത്ര രംഗത്തെ പ്രമുഖ പണ്ഡിതന്മാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ടയേർഡ് പ്രൊഫസറും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. എ.ജെ. പരമേശ്വരൻ, പുനെ ഐസറിലെ (IISER Pune) വെങ്കടേശ്വര ആർ. പൈ, പ്രൊഫ. എൻ.കെ. സുന്ദരേശ്വരൻ, കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. വിജയലക്ഷ്മി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

തുടർന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അക്കാദമിക് വിദഗ്ധരും പണ്ഡിതരും പങ്കെടുക്കുന്ന പാനൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ  ഗണിതശാസ്ത്ര പാരമ്പര്യത്തെ ആധുനിക ഗവേഷണങ്ങളുമായി ബന്ധിപ്പിക്കാനും പുതിയ പഠനസാധ്യതകൾ ആരായുന്നതിനും ഈ കേന്ദ്രം വേദിയാകും.  അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

date