Skip to main content

കേസരി ഗവൺമെന്റ് കോളേജ് പറവൂരിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ പുതിയ ചരിത്രം - മുഖ്യമന്ത്രി പിണറായി വിജയൻ

പറവൂർ മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭാസ മുന്നേറ്റത്തിന് കേസരി ഗവൺമെന്റ് കോളേജ് പുതു ചരിത്രം രചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർത്ത് പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറവൂരിന്റെയും പരിസരപ്രദേശങ്ങളുടെയും ചിരകാല സ്വപ്നമാണ് കോളേജ് വന്നതോടെ പൂവണിഞ്ഞത്. പ്രമുഖ പത്രപ്രവർത്തകനും സാഹിത്യ വിമർശകനും വിപ്ലവകാരിയുമായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ആരംഭിച്ച സ്ഥാപനം പറവൂരിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ ഒരു അഭിമാന സ്തംഭമായി നിലകൊള്ളുകയാണ്. 1978-ൽ ഒരു പാരലൽ കോളേജായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം, സർക്കാർ കലാലയമായി മാറിയത് പറവൂരിലെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് ഉപാധികളില്ലാതെ സർക്കാരിന് നൽകിയ 1.60 ഏക്കർ സ്ഥലവും കെട്ടിടത്തിലാണ് കോളേജ് നിലകൊള്ളുന്നത്. കേരളത്തിൽ സൈബർ ഫോറൻസിക് കോഴ്സ് ആരംഭിച്ച ആദ്യത്തെ സർക്കാർ കോളേജ് എന്ന സവിശേഷതയോടെയാണ് കോളേജ് പ്രവർത്തനമാരഭിക്കുന്നത്. ബി.എസ്.സി സൈബർ ഫോറൻസിക്, ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ,എന്നീ നൂതനവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകളിലായി 80 വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്. കോളേജിന്റെ സുഗമമായ പ്രവർത്തനത്തിനായി 15 അധ്യാപക തസ്തികകളും 6 അനധ്യാപക തസ്തികകളും ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം നടന്നതായും രണ്ട് ഗസ്റ്റ് അധ്യാപകർ നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരും വർഷങ്ങളിൽ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി മൂന്നര ഏക്കർ സ്ഥലം കൂടി ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്സ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, പ്ലേ ഗ്രൗണ്ട്, വനിതാ ഹോസ്റ്റൽ എന്നിവ നിർമ്മിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഓൺലൈനായി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

 മുൻമന്ത്രി എസ്. ശർമ്മ, മുൻ എം.പി. കെ.പി. ധനപാലൻ, നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.ടി.വി സുജ,കോളേജ് യൂണിയൻ ചെയർമാൻ ശരവണൻ, കേസരി ട്രസ്റ്റ് പ്രസിഡന്റ് കെ.വി. സജീവ്,പ്രിൻസിപ്പൽ ഡോ. ജോബി വർഗ്ഗീസ്,പി.ടി.എ. വൈസ് പ്രസിഡന്റ് പത്മൻ തുടങ്ങിയവർ സംസാരിച്ചു.

date