സൗന്ദര്യവൽക്കരിച്ച വൻകുളത്തുവയൽ ഓലാടത്താഴെ റോഡ് ഉദ്ഘാടനം ചെയ്തു
സൗന്ദര്യവൽക്കരിച്ച വൻകുളത്തുവയൽ ഓലാടത്താഴെ റോഡിന്റെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില അധ്യക്ഷയായി.
പ്രദേശവാസികൾക്ക് ദേശീയപാതയിലേക്കും കണ്ണൂർ, തളിപ്പറമ്പ് തുടങ്ങിയ സമീപ നഗരങ്ങളിലേക്കും എത്താൻ പ്രധാന ആശ്രയമാണ് ഈ പാത. വിനോദസഞ്ചാര കേന്ദ്രങ്ങളായ അഴീക്കോട് ചാൽ ബീച്ച്, ലൈറ്റ് ഹൗസ്, ബോട്ട് ജെട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുമാണിത്.
എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. ഓലാടത്താഴെ ഭാഗത്ത് റോഡിന്റെ ഇടത് വശത്ത് 230 മീറ്റർ നീളത്തിൽ കൈവരിയോടുകൂടിയ നടപ്പാതയും വലത് വശത്ത് 210 മീറ്റർ നീളത്തിൽ ഷോൾഡർ കോൺക്രീറ്റും 160 മീറ്റർ ദൈർഘ്യമുള്ള ഓവുചാലും നിർമിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനായി 4.40 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ശ്രീരാഗ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി ജസ്‌ന, സി വി വിജയശ്രീ, പഞ്ചായത്തംഗങ്ങളായ പി രമേശൻ, കെ സജിന, രൂപ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എൻ വി രജിത, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, കെ രഞ്ജിത്ത്, വി പ്രസാദ് എന്നിവർ പങ്കെടുത്തു.
- Log in to post comments