തിരഞ്ഞെടുപ്പ് വാർത്തകൾ
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന്, വോട്ടെണ്ണൽ മെയ് നാലിന്
സംസ്ഥാനത്തെ നിയസഭാ തിരഞ്ഞെടുപ്പ് തീയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഉൾപ്പെടെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിനാണ്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും.
പ്രധാന തീയ്യതികൾ:
തിരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപന തീയ്യതി: മാർച്ച് 16 തിങ്കൾ
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി: മാർച്ച് 23 തിങ്കൾ.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന: മാർച്ച് 24 ചൊവ്വ.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി: മാർച്ച് 26 വ്യാഴം.
വോട്ടെടുപ്പ് തീയ്യതി: ഏപ്രിൽ ഒമ്പത് വ്യാഴം
വോട്ടെണ്ണൽ തീയ്യതി: മെയ് നാല് തിങ്കളാഴ്ച.
തിരഞ്ഞെടുപ്പ് പ്രക്രിയ മെയ് ആറ് ബുധനാഴ്ചയ്ക്കകം അവസാനിക്കണം.
ജില്ലയിൽ 21,69,202 വോട്ടർമാർ
2026 മാർച്ച് 15ലെ കണക്ക് പ്രകാരം ജില്ലയിൽ 21,69,202 വോട്ടർമാരാണുള്ളത്. ഇതിൽ 11,21,704 പേർ സ്ത്രീകളും 10,47,487 പേർ പുരുഷൻമാരും 11 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. പയ്യന്നൂർ 188317, കല്ല്യാശ്ശേരി 202961, തളിപ്പറമ്പ് 231853, ഇരിക്കൂർ 198929, അഴീക്കോട് 187039, കണ്ണൂർ 181857, ധർമ്മടം 205273, തലശ്ശേരി 185155, കൂത്തുപറമ്പ് 205308, മട്ടന്നൂർ 200936, പേരാവൂർ 181574 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം.
ജില്ലയിലാകെ 2177 പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മാർച്ച് 16 തിങ്കളാഴ്ച ഉച്ച മൂന്ന് മണിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.
മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) രൂപീകരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവായി. ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് സമിതി ചെയർമാൻ. മെംബർ സെക്രട്ടറി പി.പി. വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ. അംഗങ്ങൾ: കല ഭാസ്‌കർ (എഡിഎം, കണ്ണൂർ), പി. മുഹമ്മദ് നസീർ (റിട്ട. ബ്യൂറോ ചീഫ്, ദി ഹിന്ദു), ബാബുരാജൻ കെ.എസ് (ടെക്‌നിക്കൽ അസി., സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം), ബി. കൃഷ്ണകുമാർ, പോലീസ് ഇൻസ്‌പെക്ടർ, സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ, കണ്ണൂർ), മിഥുൻ എസ്.വി (എസ്.ഐ, സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ, കണ്ണൂർ), മിഥുൻ കൃഷ്ണ സി.എം (ഡിപിഎം, കെഎസ്‌ഐടിഎം).
രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക, പെയ്ഡ് ന്യൂസ് കണ്ടെത്തുക, സമൂഹമാധ്യമങ്ങളിലെ പ്രചരണം നിരീക്ഷിക്കുക, വ്യാജവാർത്തകൾ തടയുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ
സ്റ്റാറ്റിക് സർവൈലൻസ് ടീം: ക്വട്ടേഷൻ ക്ഷണിച്ചു
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ ചാലാട്, കാട്ടാമ്പള്ളി, വളപട്ടണം ചുങ്കം എന്നീ പോയിൻറുകളിലെയും കല്ല്യാശ്ശേരി മണ്ഡലത്തിലെ മൂന്ന് പോയിൻറുകളിലെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾക്ക് ആവശ്യമായ പന്തൽ, കസേരകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ അഴീക്കോട് മണ്ഡലം ഇആർഒ ആയ ഡെപ്യൂട്ടി കലക്ടറുടെ (എൽഎ) ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ അനുവദിക്കപ്പെട്ട തീയ്യതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽനിന്ന് അറിയാം.
- Log in to post comments