തെരഞ്ഞെടുപ്പ് ചെലവ് റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് റേറ്റ് ചാര്‍ട്ടിന്റെ പകര്‍പ്പ് നോഡല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ & ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്), സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ്, കണ്ണൂര്‍ കാര്യാലയത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക.
ഫ്ലൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലയില്‍ ഫ്ലൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലയിലെ ഓരോ മണ്ഡലത്തിലും മൂന്ന് വീതം സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ മൂന്ന് സായുധ പോലീസ് ഓഫീസര്‍മാര്‍ ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. അനധികൃത പണമിടപാട്, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫ്ലൈയിംഗ് സ്ക്വാഡുകള്‍ നിരീക്ഷിക്കുന്നത്.
പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും. വരും ദിവസങ്ങളിലും സ്ക്വാഡിന്റെ നിരീക്ഷണം ഊര്‍ജിതമാക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments