Skip to main content

ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

 

കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ മാധ്യമ പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എം.എസ് മാധവിക്കുട്ടിയാണ് സമിതിയുടെ അധ്യക്ഷ. ആര്‍.ഡി.ഒയും എസ്.ഡി.എമ്മുമായ പി അന്‍വര്‍ സാദത്ത്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സുരേഷ് (സോഷ്യല്‍ മീഡിയ വിദഗ്ധന്‍), പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് നോബിള്‍ ജോസ് (സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പ്രിയ കെ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

 

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച  സമിതി, രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി പരിശോധിച്ച് അനുമതി നല്‍കും. സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന പത്രവാര്‍ത്തകള്‍ 'പെയ്ഡ് ന്യൂസ്' (Paid News) ആണോ എന്ന് പരിശോധിക്കുന്നതും സമിതിയുടെ ചുമതലയാണ്.   പത്രങ്ങള്‍, ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങിയ എല്ലാ മാധ്യമങ്ങളും സമിതിയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ടും  സമിതി പരിശോധനകള്‍ നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ അനുമതിയില്ലാതെ പത്രങ്ങളില്‍ പരസ്യം നല്‍കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത  2023 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിലൂടെ അറിയിച്ചു.

date