ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം
ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2026-27 വർഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം. ജില്ലാ അസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിൽ കൊച്ചി കോർപ്പറേഷന്റെ വാർഷിക പദ്ധതികൾ കൂടി അംഗീകരിച്ചതോടെയാണ് ജില്ലയിലെ ആകെ 111 തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി അംഗീകാര നടപടികൾ പൂർത്തിയായത്.
കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, 82 ഗ്രാമപഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ,13 നഗരസഭകൾ എന്നീ
തദ്ദേശസ്ഥാപനങ്ങളുടേതായി, ഉത്പാദന മേഖലയിൽ 170 കോടി രൂപയുടെയും സേവന മേഖലയിൽ 931 കോടി രൂപയുടെയും പശ്ചാത്തല മേഖലയിൽ 492 കോടി രൂപയുടെയും ഉൾപ്പടെ ആകെ 1594 കോടി രൂപയുടെ 15376 പ്രോജക്ടുകൾക്കാണ് അംഗീകാരമായത്. സമയബന്ധിതമായി പദ്ധതി അംഗീകാരം പൂർത്തിയാക്കിയ എല്ലാ സ്ഥാപനങ്ങളെയും യോഗം അഭിനന്ദിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments