Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 26431 അസാന്നിധ്യ വോട്ടര്‍മാര്‍

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേരിട്ട് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 26431 അസാന്നിധ്യ (ആബ്സന്റീ വോട്ടര്‍) വോട്ടര്‍മാര്‍. ഭിന്നശേഷിക്കാര്‍, 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍  എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍, 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കും. സ്പെഷ്യല്‍ പോളിങ് സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളില്‍ എത്തി, പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. 85 വയസ്സിന് മുകളിലുള്ള 15422 വോട്ടര്‍മാരാണ് പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 5594 പുരുഷ വോട്ടര്‍മാരും, 9828 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 6136 പുരുഷന്‍മാരും 4873 സ്ത്രീകളും ഉള്‍പ്പെടെ 11009 ഭിന്നശേഷി വോട്ടര്‍മാരും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗിക്കും.

ആരോഗ്യം, പോലീസ്, ഫയര്‍, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി, ജലവിഭവ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, ട്രഷറി, വനം വകുപ്പ്, ബി.എസ്.എന്‍.എല്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് തുടങ്ങിയ 13 വകുപ്പുകളിലെ അവശ്യസര്‍വീസ് ജീവനക്കാര്‍ക്കുള്ള ഫോം വിതരണം ചെയ്ത് മാര്‍ച്ച് 20നോടകം തിരിച്ചു വാങ്ങും. ഓരോ വകുപ്പുകളിലും അസാന്നിധ്യ വോട്ടര്‍മാരുടെ എണ്ണം ക്രമീകരിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കേണ്ട അവശ്യസര്‍വീസ് ജീവനക്കാര്‍ ഫോം 12 ഡി കൈപ്പറ്റി, പ്രസ്തുത നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് പൂരിപ്പിച്ചു നല്‍കണം. അസാന്നിധ്യ വോട്ടര്‍മാര്‍ക്കുള്ള ജില്ലാതല നോഡല്‍ ഓഫീസറായി കെ.ബി.ഐ.സി ഡെപ്യൂട്ടി കളക്ടര്‍ എസ് ശ്രീജിത്തിനെ നിയമിച്ചിട്ടുണ്ട്.

date